യു.എ.ഇ വനിത ക്രിക്കറ്റ് ടീമിന്‍റെ റിട്ടയേർഡ് ഔട്ട് തന്ത്രത്തിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരം ജയിക്കാനായി യു.എ.ഇ ടീമിന്‍റെ 10 താരങ്ങളും റിട്ടയേർഡ് ഔട്ടാകുകയായിരുന്നു. വനിതാ ട്വന്റി20 ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യത പോരാട്ടങ്ങൾക്കിടെ ഖത്തറിനെയാണ് വിചിത്ര നീക്കത്തിലൂടെ യു.എ.ഇ തോൽപിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത യു.എ.ഇ വിക്കറ്റു പോകാതെ 192 റൺസെടുത്തുനിൽക്കെയാണ് മഴ ഭീഷണി ഉയർത്തുന്നത്.
ദുർബലരായ ഖത്തറിനെതിരെ അനായാസ വിജയം ഉറപ്പിച്ചാണ് യു.എ.ഇ കളത്തിലിറങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ യു.എ.ഇ 16 ഓവറിൽ 193 റൺസെടുത്ത് നിൽക്കെയാണ് മഴ ഭീഷണി ഉയർത്തുന്നത്. നായകൻ ഇഷാ ഒസ 55 പന്തിൽ 113 റൺസുമായും തീർഥ സതീഷ് 74 റൺസെടുത്തും ക്രിസീലുണ്ടായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാകില്ല. ഒടുവിൽ അർഹിച്ച വിജയം കൈവിട്ടുപോകാതിരിക്കാനാണ് റിട്ടയേർഡ് ഔട്ട് എന്ന തന്ത്രം യു.എ.ഇ വനിതകൾ സ്വീകരിച്ചത്.
ഇഷ ഒസയാണ് ആദ്യം റിട്ടയേർഡ് ഔട്ടായി മടങ്ങിയത്. പിന്നാലെ അർധ സെഞ്ച്വറി നേടിയ തീർഥ സതീഷും റിട്ടയേർഡ് ഔട്ടായി. പിന്നീട് ഒമ്പതു ബാറ്റർമാരും ഗ്രൗണ്ടിലെത്തി ഒരു റൺ പോലുമെടുക്കാതെ റിട്ടയേർഡ് ഔട്ടായി ഡ്രസിങ് റൂമിലേക്കു കയറിപ്പോകുകയായിരുന്നു. പൂജ്യത്തിന് 192 റൺസെന്ന നിലയിൽനിന്നാണ് യു.എ.ഇ 192ന് ഓൾ ഔട്ടായത്!
യു.എ.ഇ തീരുമാനം തെറ്റിയില്ല, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിനെ 11.1 ഓവറിൽ 29 റൺസിന് ഓൾ ഔട്ടാക്കി. യു.എ.ഇക്കായി മിഷെല്ലെ ബോത്ത നാലു വിക്കറ്റ് വീഴ്ത്തി. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച യു.എ.ഇ പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി. നേരത്തെ മലേഷ്യക്കെതിരെ യു.എ.ഇ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.