മുംബൈ: ഐ.പി.എല്ലിലെ ഹാർദിക് പാണ്ഡ്യയുടെ ഭാവിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. മുംബൈ ഇന്ത്യൻസ് വിടാൻ താല്പര്യപ്പെടുന്ന താരം 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിലേക്കും മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ടീമിലേക്ക് മടങ്ങണമെങ്കിൽ തന്നെ ക്യാപ്റ്റനാക്കണമെന്ന ഹാർദിക്കിന്റെ നിബന്ധന മാനേജ്മെന്റ് തള്ളിയതോടെ ഈ നീക്കം പൊളിഞ്ഞതായാണ് വിവരം.
ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റ് നിലവിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായി ചർച്ച ചെയ്തിരുന്നു. ഈ നീക്കത്തിന് ഗിൽ പച്ചക്കൊടി കാണിക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന നിബന്ധന ഹാർദിക് മുന്നോട്ട് വെച്ചതോടെ തീരുമാനത്തിൽ പങ്കെടുത്ത എല്ലാവരും ഒന്നടങ്കം 'നോ' പറയുകയായിരുന്നു.
"ഹാർദിക് ടീമിലേക്ക് മടങ്ങിവരുന്നതിൽ ഫ്രാഞ്ചൈസിക്ക് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായി അവർ ഇക്കാര്യം ചർച്ച ചെയ്യുകയും, താരത്തെ ട്രേഡ് വഴി തിരികെ കൊണ്ടുവരുന്നതിന് അദ്ദേഹം സമ്മതം നൽകുകയും ചെയ്തിരുന്നു. എന്നാൽ ക്യാപ്റ്റൻസി നൽകണമെന്ന നിബന്ധന വന്നപ്പോൾ എല്ലാവരും അതിനെ എതിർക്കുകയായിരുന്നു," വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഏതെങ്കിലും ഫ്രാഞ്ചൈസിയുമായി ഹാർദിക് നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് താരത്തിന്റെ വക്താവ് വ്യക്തമാക്കുന്നത്. ട്രാൻസ്ഫർ സംബന്ധിച്ച ആശയവിനിമയങ്ങളെല്ലാം മുംബൈ ഇന്ത്യൻസ് വഴിയാണ് നടക്കുന്നത്. "ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഹാർദിക് പാണ്ഡ്യ ഒരു ഫ്രാഞ്ചൈസിയുമായും നേരിട്ട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തെ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അത് മുംബൈ ഫ്രാഞ്ചൈസി വഴിയാണ്," വക്താവ് വ്യക്തമാക്കി.
2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ കന്നി ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത് ഹാർദിക്കായിരുന്നു. അടുത്ത സീസണിലും ടീമിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ തൊട്ടടുത്ത സീസണിൽ താരം മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുകയായിരുന്നു.
മുംബൈയിലെത്തിയ ഉടൻ തന്നെ ആരാധകരുടെ പ്രിയതാരം രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഗുജറാത്തിൽ ലഭിച്ചതുപോലുള്ള ഒരു സ്വീകാര്യത മുംബൈ ആരാധകരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചില്ല. രോഹിത് ശർമ്മയ്ക്ക് മുംബൈ ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന സ്വാധീനവും ബഹുമാനവും നേടിയെടുക്കാനും ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല.
2026 ഐ.പി.എൽ സീസണിന് ശേഷം പല സീനിയർ താരങ്ങളും 'പരിശീലനത്തിന് വഴങ്ങാത്തവരാണെന്ന്' കോച്ചിങ് സ്റ്റാഫ് വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ടീമിനെ പൂർണ്ണമായി ഉടച്ചുവാർക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്. ഈ വർഷത്തെ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ നിരവധി സീനിയർ താരങ്ങളെ മുംബൈ ഒഴിവാക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.