കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരം അഭിഷേക് പോറെലിന് തിരിച്ചടി. ഡൽഹി കാപിറ്റൽസിന്‍റെ താരമായ പോറെലിന്‍റെ ജാമ്യാപേക്ഷ പശ്ചിമ ബംഗളിലെ ഹൂഗ്ലി ജില്ല കോടതി തള്ളി.
താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ 11ന് കോടതിയിൽ ഹാജരാക്കിയ താരത്തെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജുണ്‍ 23നാണ് പോറലിനെതിരെ മെഡിക്കൽ വിദ്യാർഥിനി മൊഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചന്ദനനഗറിലെ പോറെലിന്റെ വീട്ടിൽ പലതവണ എത്തുകയും ചെയ്തെങ്കിലും താരത്തെ പിടികൂടാനായില്ല. തുടർന്ന് യുവതി കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചു. കോടതി കർശന നിർദേശം നൽകിയതോടെയാണ് ചൊവ്വാഴ്ച ഹൂഗ്ലിയിൽ വെച്ച് പോറെലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി മുതൽ പോറെലിനെ അറിയാമെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. കുടുംബങ്ങൾ തമ്മിലും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തുകയും ചെയ്തു. പിന്നാലെയാണ് താരം ബന്ധത്തിൽനിന്ന് പിന്മാറിയത്. ഒന്നര വർഷം മുമ്പ് തമ്മിൽ തർക്കമുണ്ടാകുകയും യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്തില്ല. പോറൽ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് പറഞ്ഞ് പോറെൽ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പിന്നാലെയാണ് മൊഗ്ര പൊലീസിൽ പരാതി നൽകിയത്.
അറസ്റ്റിൽ പോറെലോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്ലിൽ 2023 മുതൽ ഡല്‍ഹി കാപിറ്റൽസ് താരമാണ് പോറെൽ. കഴിഞ്ഞ സീസണിൽ നാലു മത്സരങ്ങളിൽനിന്ന് 108 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും ഇറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.