വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം; ഐ.പി.എൽ താരം അറസ്റ്റിൽ

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ഐ.പി.എൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററും ബംഗാൾ ക്രിക്കറ്ററുമായ അഭിഷേക് പോറൽ (23) ആണ് പീഡനക്കേസിൽ കൊൽക്കത്ത പൊലീസിന്റെ പിടിയിലായത്. ഈ കേസിൽ താരത്തെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു.

കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നൽകിയ പരാതിയിലാണ് നടപടി. ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ജൂണിലാണ് പെൺകുട്ടിയും അമ്മയും ചേർന്ന് പരാതി നൽകിയത്. ഡും ഡും പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇമാമി സിറ്റിയിൽ നിന്നാണ് താരത്തെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി റൂറൽ എസ്.പി കുൻവർ ഭൂഷൻ സിങ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 ഉൾപ്പെടെയുള്ള വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടും ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അഭിഷേക് തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയ താരം, പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അഭിഷേക് പോറൽ നിഷേധിച്ചിട്ടുണ്ട്.

2023 മുതൽ ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കളിക്കുന്ന മികച്ചൊരു ഇടങ്കൈ ബാറ്ററാണ് അഭിഷേക് പോറൽ. ഡൽഹിക്കായി 35 മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ചുറികളടക്കം 765 റൺസ് നേടിയിട്ടുണ്ട്. 145 ആണ് ഐ.പി.എല്ലിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 2021-22 സീസണിൽ ബംഗാളിനുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഭിഷേക്, 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും ഇതിനകം കളിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും താരം പര്യടനം നടത്തിയിട്ടുണ്ട്.

Tags:    
News Summary - IPL Player Abhishek Porel Arrested Following Assault and Rape Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.