മുംബൈ: 2008-ലെ കന്നി ഐ.പി.എൽ സീസണിലെ വിവാദപരമായ 'സ്ലാപ്‌ഗേറ്റ്' സംഭവത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും താരങ്ങളായ ഹർഭജൻ സിങ്ങും എസ്. ശ്രീശാന്തും വീണ്ടും വാർത്തകളിൽ നിറയുന്നു. തന്നെ ബോക്സിങ് റിങ്ങിലേക്ക് വെല്ലുവിളിച്ച ശ്രീശാന്തിന് തികച്ചും വെത്യസ്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിങ്. ശ്രീശാന്തിനെ തന്റെ 'റൂംമേറ്റാക്കി' മാറ്റിയാൽ രണ്ടുപേരും തമ്മിലുള്ള പല പ്രശ്നങ്ങൾക്കും എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഭാജി വ്യക്തമാക്കിയത്.
അടുത്തിടെ ഒരഭിമുഖത്തിനിടെ ഇരുവരും ബോക്‌സിങ് വേഷത്തിൽ നിൽക്കുന്ന പഴയൊരു ചിത്രം കാണിച്ചപ്പോഴായിരുന്നു ശ്രീശാന്ത് ഹർഭജന് നേരെ തുറന്ന പോരിന് ആഹ്വാനം ചെയ്തത്. ഇതേ വേഷത്തിൽ തന്റെ കൂടെ റിങ്ങിലേക്ക് ഇറങ്ങാൻ ഹർഭജന് ധൈര്യമുണ്ടോ എന്നും, ഗ്ലൗസണിഞ്ഞ് കരാറിൽ ഒപ്പുവെച്ച് വരാൻ സാധിക്കുമോ എന്നും ശ്രീശാന്ത് ചോദിച്ചിരുന്നു. ഇതൊരു അഭിനയമല്ലെന്നും തന്റെ തുറന്ന വെല്ലുവിളിയാണെന്നും വ്യക്തമാക്കിയ ശ്രീശാന്ത്, താൻ നിലവിൽ ബാറെക് നക്കിൾ ഫൈറ്റ് ലീഗിന്റെ ഭാഗമാണെന്നും കോനർ മക്ഗ്രെഗറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
എന്നാൽ ശ്രീശാന്തിന്റെ ഈ കടുത്ത വെല്ലുവിളിയോട് തികച്ചും സമാധാനപരമായ രീതിയിലാണ് ഹർഭജൻ പ്രതികരിച്ചത്. തങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ ഒട്ടേറെ കാര്യങ്ങൾ സ്വയം പരിഹരിക്കപ്പെടുമെന്നും, ആ ഒരു കാഴ്ചപ്പാടിലൂടെയാണ് താൻ ഇതിനെ കാണുന്നതെന്നും ഹർഭജൻ പറഞ്ഞു. ശ്രീശാന്തിനെ തന്റെ റൂംമേറ്റായി തെരഞ്ഞെടുക്കുന്നതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഭാജി വ്യക്തമാക്കി.
2008-ൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിന് ശേഷമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മത്സരം അവസാനിച്ചതിന് പിന്നാലെ ഹർഭജൻ സിങ് മൈതാനത്തുവെച്ച് ശ്രീശാന്തിന്റെ മുഖത്തടിച്ചതും തുടർന്ന് ശ്രീശാന്ത് പൊട്ടിക്കരഞ്ഞതും വലിയ വിവാദമായിരുന്നു. സംഭവത്തെത്തുടർന്ന് ഹർഭജന് സീസണിലെ ബാക്കി 11 മത്സരങ്ങളിൽ നിന്ന് വിലക്കും വൻ തുക പിഴയും നേരിടേണ്ടിവന്നു.
വർഷങ്ങൾക്ക് ശേഷം ഇരുവരും തർക്കങ്ങൾ മറന്ന് സാധാരണ നിലയിലായെങ്കിലും അടുത്തിടെ ഹർഭജൻ അഭിനയിച്ച ഒരു പരസ്യം പഴയ അസ്വാരസ്യങ്ങൾ വീണ്ടും പുറത്തെത്തിക്കുകയായിരുന്നു. ഈ കടുത്ത ഭിന്നതകൾക്കിടയിലും 2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോൾ ഇരുവരും ഒന്നിച്ച് ടീമിന്റെ വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.