ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ നടക്കുന്നതിനിടെ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ഫ്രഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ നിർത്തിവെച്ചിരുന്നു. ഇന്ത്യൻ പ്രീമയർ ലീഗ് ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ ബി.സി.സി.ഐ തീരുമാനിച്ചപ്പോൾ പി.എസ്.എൽ നടത്താൻ പാകിസ്താൻ മറ്റ് വേദികൾ തേടുകയാണ്. പാകിസ്താൻ യു.എ.യിൽ കളി നടത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും എമിറേറ്റ്സിന്‍റെ അനുവാദം ഇതുവരെ ലഭിച്ചില്ലെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.
അതേസമയം, പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. ഇവരിൽ പലരും ദുബായിലേക്കാണ് പോയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ന്യൂസിലാൻഡ് സൂപ്പർ താരം ഡാരിൽ മിച്ചലുമുണ്ടായിരുന്നു. ലാഹോർ ഖലന്ദേഴ്സിന് വേണ്ടിയാണ് മിച്ചൽ കളിക്കുന്നത്. സംഘർഷമുണ്ടായപ്പോൾ മിച്ചൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ലാഹോറിൽ മിച്ചലിന്‍റെ സഹതാരമായ ബംഗ്ലാദേശ് കളിക്കാരൻ റിഷാദ് ഹൊസൈൻ. . താൻ ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് വരാൻ താത്പര്യപ്പെടുന്നില്ല എന്നാണ് മിച്ചൽ പറഞ്ഞതെന്നാണ് റിഷാദ് ഹൊസൈൻ വെളിപ്പെടുത്തുന്നത്.
'സാം ബില്ലിങ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ഡേവിഡ് വീസ്, ടോം കറൻ തുടങ്ങിയ വിദേശ താരങ്ങളെല്ലാം തന്നെ പേടിച്ചുപോയിരുന്നു. ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് പോകില്ല, പ്രത്യേകിച്ച് ഇത്തരം സാഹചര്യത്തിൽ എന്നാണ് ദുബായിൽ ലാൻഡ് ചെയ്‌ത ശേഷം ഡാരിൽ മിച്ചൽ എന്നോട് പറഞ്ഞത്. അവരെല്ലാവരും ഭയന്നുപോയി,' റിഷാദ് ഹൊസൈനെ ഉദ്ധരിച്ച് ക്രിക്ബസ്സ് പറഞ്ഞു.
'ടോം കറൻ എയർപോർട്ടിലേക്ക് പോയപ്പോൾ അവിടം അടച്ചിട്ടതായി മനസിലാക്കി.
അദ്ദേഹമൊരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. രണ്ട് മൂന്ന് ആളുകൾ ചേർന്നാണ് കറനെ സമാധാനിപ്പിച്ചത്,' റിഷാദ് ഹൊസൈൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.