രോഹിത് ശർമ, വിരേന്ദർ സെവാഗ്
മുംബൈ: ഐ.പി.എല്ലിൽ മോശം ഫോം തുടരുന്ന സീനിയർ താരം രോഹിത് ശർമ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ 13.66 ശരാശരിയിൽ 82 റൺസ് മാത്രമാണ് താരം കണ്ടെത്തിയത്. വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ജയിച്ചെങ്കിലും ഹിറ്റ്മാന്‍റെ ബാറ്റിൽനിന്ന് പിറന്നത് 26 റൺസ് മാത്രമാണ്. സീസണിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത രോഹിത്തിന് കളിനിർത്താൻ സമയമായെന്ന് പറയുകയാണ് മുൻ താരം വിരേന്ദർ സെവാഗ്.
“അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു. എന്നാൽ ആരാധകരെക്കൊണ്ട് ഇനിയും എന്തിന് ടീമിൽ തുടരണമെന്ന് തോന്നിപ്പിക്കരുത്. കഴിഞ്ഞ പത്തു വർഷത്തെ രോഹിത്തിന്‍റെ പ്രകടനം നോക്കൂ. ഒറ്റ സീസണിൽ മാത്രമാണ് 400ലേറെ റൺസ് സ്കോർ ചെയ്തത്. അഞ്ചൂറോ എഴുന്നൂറോ റൺസ് സ്കോർ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സാധ്യമാകുമായിരുന്നു.
പവർപ്ലേയിൽ നന്നായി കളിക്കുന്ന താരമാകണമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റനായപ്പോൾ രോഹിത് പറഞ്ഞത്. അദ്ദേഹം അതിനപ്പുറം കളിക്കുന്നില്ല. എന്നാൽ സ്ഥിരമായി വേഗത്തിൽ പുറത്താകുമ്പോൾ സ്വന്തം പേരാണ് മോശമാകുന്നതെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. എന്തിനാണ് രോഹിത് തുടക്കത്തിൽ തന്നെ പുൾ ഷോട്ടുകൾ കളിക്കുന്നത്? പത്ത് പന്തുകൾ അധികം കളിച്ച് സ്വയം ഒരു അവസരമൊരുക്കൂ.
ലെങ്ത് മാറിവരുന്ന പന്തിൽ പുൾ ഷോട്ട് കളിച്ച് പലതവണ അദ്ദേഹം പുറത്തായി. ഒരു മത്സരത്തിൽ പുൾ ഷോട്ട് കളിക്കുന്നില്ലെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമല്ലോ. എന്നാൽ ഇതെല്ലാം ആര് വിശദീകരിച്ചുനൽകും? നോർമൽ ക്രിക്കറ്റ് കളിക്കാൻ ആരെങ്കിലും അദ്ദേഹത്തോട് പറയണം. ഞാൻ ക്രീസിൽ നിൽക്കുമ്പോഴെല്ലാം ഇക്കാര്യം പറയാൻ സച്ചിനോ ദ്രാവിഡോ ഗാംഗുലിയോ ഉണ്ടായിരുന്നു” -സെവാഗ് പറഞ്ഞു.
അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റിനാണ് ജയിച്ചത്. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 36 റൺസെടുത്ത വിൽ ജാക്സാണ് ടോപ് സ്കോറർ. റിയാൻ റിക്കിൽടൺ 31ഉം രോഹിത് ശർമ 26ഉം സൂര്യകുമാർ യാദവ് 26ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.