ന്യൂഡൽഹി: ആർ.സി.ബിയുടെ ഐ.പി.എൽ വിജയത്തിന് പിന്നാലെ ടീമിന്റെ നെടുതൂണായിരുന്ന മുൻ താരങ്ങളെ ഓർത്തെടുത്ത് കോഹ്‍ലി. ടീമിന്റെ വിജയം എ.ബി ഡിവില്ലിയേഴ്സിനും ക്രിസ് ഗെയിലിനും കൂടി അർഹതപ്പെട്ടതാണെന്ന് കോഹ്‍ലി പറഞ്ഞു. ടീമിന്റെ വിജയാഘോഷങ്ങളിൽ ഇരുവരും സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു.
തന്റെ പ്രധാനപ്പെട്ട വർഷങ്ങൾ ഗെയിലിനും ഡിവില്ലിയേഴ്സിനുമൊപ്പമാണ് ചെലവഴിച്ചതെന്ന് കോഹ്‍ലി പറഞ്ഞു. ഒരുപാട് തവണ ഞങ്ങൾ കപ്പിനടുത്തെത്തി. മികച്ച ടീമായിരുന്നു ഞങ്ങളുടേത്. എന്നാൽ, കപ്പിൽ മുത്തമിടാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങളുടെ സുപ്രധാനമായ വർഷങ്ങൾ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും കോഹ്‍ലി പറഞ്ഞു.
ടീമിന് വേണ്ടി വലിയ സംഭാവനകൾ നൽകിയ താരങ്ങളാണ് ഗെയിലും ഡിവില്ലിയേഴ്സും. ഈ കപ്പ് അവർക്ക് കൂടി അവകാശപ്പെട്ടതാണെന്നും വിരാട് കോഹ്‍ലി കൂട്ടിച്ചേർത്തു. ബംഗളൂരുവിന് വേണ്ടി 4522 റൺസ് ഡിവില്ലിയേഴ്സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 158.33 ആണ് സ്ട്രൈക്ക് റേറ്റ്. ക്രിസ് ഗെയിൽ 3,163 റൺസാണ് ടീമിനായി നേടിയിട്ടുണ്ട്. ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു. 175 റൺസാണ് ഗെയിലിന്റെ ടോപ് സ്കോറർ.
നേരത്തെ തന്റെ സ്വപ്നം ആർ.സി.ബി നിറവേറ്റിയെന്ന് കോഹ്‍ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞിരുന്നു. ഒരിക്കലും മറക്കാനാവാത്ത സീസണാണ് കടന്ന് പോകുന്നതെന്നും കോഹ്‍ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
മോശം സമയത്തും ടീമിനെ കൈവിടാത്ത ആരാധകർക്ക് കൂടിയുള്ളതാണ് ഈ കപ്പ്. ഫീൽഡിൽ ടീം ഓരോ ഇഞ്ചിലും നടത്തിയ ശ്രമത്തിന്റെ ഫലമാണ് കണ്ടത്. ഈ കപ്പുയർത്താൻ നിങ്ങൾ എന്നെ 18 വർഷം കാത്തുനിർത്തി. എന്നാൽ, അർഥവത്തായ ഒരു കാത്തിരിപ്പായിരുന്നു അതെന്നും കോഹ്‍ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.