സെഞ്ച്വറിയിലും ഇനി ഒരേയൊരു ‘രാജാവ്’; ഏകദിനത്തിൽ 50 ശതകം നേടുന്ന ആദ്യ താരമായി വിരാട് കോഹ്‍ലി

മുംബൈ: ഏകദിന സെഞ്ച്വറിയിലും ഇനി ഒരേയൊരു ‘രാജാവ്’ മാത്രം. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറെ മറികടന്ന് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് ഐതിഹാസിക നേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ 49ാം സെഞ്ച്വറി നേടി സചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്തിയ കോഹ്‍ലി ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ 50 ശതകം തികക്കുന്ന ആദ്യ താരമാവുകയായിരുന്നു. 106 പന്തിലാണ് കോഹ്‍ലി 100 തികച്ചത്.

279 ഇന്നിങ്സുകളിലാണ് കോഹ്‍ലി ഇത്രയും സെഞ്ച്വറി നേടിയത്. സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറി നേട്ടത്തിലെത്തിയത്. രോഹിത് ശർമ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സചിനെ മറികടന്ന് കോഹ്‍ലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സചിൻ നേടിയ 673 റൺസാണ് മറികടന്നത്. 11 ഇന്നിങ്സുകളിലായിരുന്നു സചിൻ ഇത്രയും റൺസ് നേടിയതെങ്കിൽ കോഹ്‍ലിക്ക് മറികടക്കാൻ വേണ്ടിവന്നത് 10 മത്സരങ്ങളാണ്.

49 സെഞ്ച്വറിയുമായി തനിക്കൊപ്പമെത്തിയപ്പോൾ സചിൻ കോഹ്‍ലിക്ക് പ്രശംസയുമായി എത്തിയിരുന്നു. ‘വിരാട് നന്നായി കളിച്ചു. അടുത്ത ദിവസങ്ങളിൽതന്നെ 49ല്‍ നിന്ന് 50ലെത്തി എന്റെ റെക്കോഡ് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍’ എന്നാണ് സചിന്‍ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ച്വറികളുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പനടികളുടെയും കരുത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. 42 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ.


Tags:    
News Summary - The only 'king' in the century; Virat Kohli became the first player to score 50 hundred in ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.