ഉസ്മാൻ ഖ്വാജയെ ലോങ് റൂമിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ സംഭവം; മൂന്ന് എം.സി.സി അംഗങ്ങൾക്ക് സസ്​പെൻഷൻ

ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ലോങ് റൂമില്‍ നടന്ന സംഭവങ്ങളില്‍ മാപ്പ് ചോദിച്ച് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി). മത്സരത്തിന്‍റെ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനായി ഓസീസ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഉസ്‌മാന്‍ ഖ്വാജയുമായി എം.സി.സി അംഗങ്ങളില്‍ ചിലര്‍ ലോങ് റൂമില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ച് എം.സി.സി രംഗത്തെത്തിയത്. സംഭവത്തിൽ മൂന്നുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എം.സി.സിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ് ലോഡ്സ്.

ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ വിവാദ പുറത്താകലാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. ഉച്ചഭക്ഷണത്തിനായി ലോങ് റൂമിലൂടെ നടക്കുമ്പോള്‍ ഉസ്‌മാന്‍ ഖ്വാജയെ എം.സി.സി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ സഹതാരം ഡേവിഡ് വാര്‍ണര്‍ ഇടപെടുന്നതിന്റെയും എം.സി.സി അംഗങ്ങളുമായി തര്‍ക്കിക്കുന്നതിന്റെയും വിഡ‍ിയോ പുറത്തുവന്നിരുന്നു. പിന്നാലെ സുരക്ഷ അംഗങ്ങളെത്തി താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയി. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറിപ്പോകുമ്പോള്‍ എം.സി.സി അംഗങ്ങളില്‍ ചിലര്‍ കൂവിവിളിക്കുകയും ചെയ്തു. സംഭവത്തില്‍ ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ മൂന്ന് അംഗങ്ങളെ എം.സി.സി സസ്‌പെന്‍‍ഡ് ചെയ്‌തു. അന്വേഷണം പൂര്‍ത്തിയാകും വരെ ഇവർക്ക് ലോഡ്സിൽ പ്രവേശിക്കാനാകില്ല. 

'ലോഡ്സിലെ ലോങ് റൂം ക്രിക്കറ്റിലെ വ്യത്യസ്‌തമായ അനുഭവമാണ്. ഈ പവലിയനിലൂടെ താരങ്ങള്‍ നടന്നുപോകുന്നത് വലിയ അംഗീകാരമാണ്. രാവിലത്തെ കളിക്ക് ശേഷം വൈകാരികമായിരുന്നു രംഗങ്ങള്‍. ഓസീസ് ടീമിലെ ചില താരങ്ങളുമായി ചിലരുടെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാൽ വാക്കുതര്‍ക്കമുണ്ടായി', എം.സി.സി പ്രസ്‌താവനയില്‍ അറിയിച്ചു. 

ലോങ് റൂമിൽ തങ്ങൾക്ക് നേരെയുണ്ടായ മോശം പദപ്രയോഗങ്ങൾക്കെതിരെ ഉസ്മാൻ ഖ്വാജ രംഗത്തുവന്നിരുന്നു. 'തന്നോട് എവിടെ കളിക്കാനാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എപ്പോഴും പറയുന്നത് ലോഡ്സ് എന്നാണ്. ലോഡ്സിലെ കാണികളും എം.സി.സി അംഗങ്ങളും മാന്യരാണ്. എന്നാല്‍, ചിലരുടെ വാക്കുകള്‍ ഏറെ നിരാശപ്പെടുത്തുന്നതായി. അവരില്‍ ചിലര്‍ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. എം.സി.സി അംഗങ്ങളാണ് അവിടെയുള്ളത്. അവരില്‍നിന്ന് മോശം അനുഭവങ്ങളുണ്ടായത് ഞെട്ടിച്ചു. അവരിൽനിന്ന് കൂടുതല്‍ നല്ല പെരുമാറ്റം പ്രതീക്ഷിച്ചിരുന്നു' എന്നിങ്ങനെയായിരുന്നു ഖ്വാജയുടെ പ്രതികരണം.

രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം ജോണി ബെയർ‌സ്റ്റോയുടെ വിവാദ റണ്ണൗട്ടിന് പിന്നാലെയായിരുന്നു ലോങ് റൂമിലെ നാടകീയ രംഗങ്ങള്‍. കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബാള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ക്യാപ്റ്റൻ ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയര്‍‌സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റമ്പിനെറിഞ്ഞ് പുറത്താക്കുകയായിരുന്നു. ഈ നടപടി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. 

Tags:    
News Summary - The incident where Usman Khawaja was detained in the long room and abused; Suspension of three MCC members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.