മുംബൈ: പരമ്പര നേരത്തെ പിടിച്ചിട്ടും ബാക്കിയാവുന്ന ബാറ്റിങ് ആധികൾ തീർക്കാൻ ഇന്ത്യ ഇന്ന് പാഡുകെട്ടുന്നു. മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20യിലാണ് ആതിഥേയർ കരുത്തുകാട്ടാനിറങ്ങുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് മാറ്റിനിർത്തപ്പെട്ട മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കം ബാറ്റിങ്ങിലെ ബദൽ പരീക്ഷണങ്ങളിൽ പലതും ഇനിയും ക്ലിക്കാവാത്തതാണ് പരിശീലകൻ ഗൗതം ഗംഭീറിനെ കുഴക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ മാറ്റിനിർത്തപ്പെട്ട സഞ്ജു കാര്യമായ പരിശീലനമില്ലാതെയാണ് പരമ്പരക്കെത്തുന്നത്. ഇത് കൂടി താരത്തിന്റെ പ്രകടനത്തെ ബാധിച്ചോയെന്നാണ് സംശയം. അഭിഷേകിനൊപ്പം ഇന്നും സഞ്ജു തന്നെ ഓപൺ ചെയ്യാനാണ് സാധ്യത. ക്യാപ്റ്റൻ സൂര്യകുമാറിന്റെ പ്രകടനവും സമാനമാണ്. അതേ സമയം, മധ്യനിരയിൽ ഹാർദികും ശിവം ദുബെയും അർധ സെഞ്ച്വറി കുറിച്ചത് ടീമിന് ഉണർവു നൽകുന്നതാണ്.
അതേ സമയം, ബൗളിങ്ങിൽ ഇളമുറക്കാർ കരുത്തുകാട്ടുന്നത് പ്രതീക്ഷയാകുകയും ചെയ്യുന്നുണ്ട്. വരുൺ ചക്രവർത്തി, രവി ബിഷ്ണോയ് എന്നിവർ മാത്രമല്ല കഴിഞ്ഞ കളിയിലെ കൺകഷൻ സബ് ഹർഷിത് റാണയും കളി ഗംഭീരമാക്കിയിരുന്നു. അവസരം ലഭിച്ചിട്ടും തിളങ്ങാനാകാതെ പോയ മുഹമ്മദ് ഷമിക്ക് ഒരിക്കലൂടെ ഫിറ്റ്നസ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. മറുവശത്ത്, എല്ലാ മേഖലകളിലും ഇന്ത്യൻ ഇളമുറക്കാരോട് തോറ്റുപോയതാണ് ഇംഗ്ലീഷ് സംഘത്തിന്റെ വലിയ വെല്ലുവിളി. കലാശക്കൊട്ട് കേമമാക്കി നഷ്ടക്കണക്കുകളുടെ ഭാരം കുറക്കാൻ ക്യാപ്റ്റൻ ബട്ലറും സംഘവും ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.