ലണ്ടൻ: കൗമാരതാരം വൈഭവ് സൂര്യവൻശിയുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ട് അണ്ടർ 19 ക്രിക്കറ്റ് ടീമിനെതിരെ രണ്ടാം ജയം നേടി ഇന്ത്യൻ അണ്ടർ 19 ടീം. 33 പന്തിൽ 86 റൺസെടുത്ത സൂര്യവൻശിയുടെ അത്യുഗ്രൻ ബാറ്റിങ്ങാണ് ഇന്ത്യൻ ടീമിന് കരുത്തായത്.
അണ്ടർ 19 ഏകദിനത്തിന്റെ ചരിത്രത്തിൽ മൂന്നാം അതിവേഗ അർധസെഞ്ച്വറിയാണ് വൈഭവ് കുറിച്ചത്. 20 പന്തിലാണ് വൈഭവ് 50 റൺസ് പിന്നിട്ടത്. മൂന്നാം ഏകദിനം മത്സരത്തിൽ ജയിച്ചതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. വൈഭവ് പുറത്താകുമ്പോഴേക്കും ഇന്ത്യ എട്ടോവറിൽ 111 റൺസ് നേടിയിരുന്നു.
വൈഭവ് പുറത്തായതിന് പിന്നാലെയത്തിയ വിഹാൻ മൽഹോത്ര(46), കനിഷ്‍ക് ചൗഹാൻ(43) എന്നിവരുടെ ബാറ്റിങ് കരുത്തിൽ കൂടുതൽ നഷ്ടമില്ലാതെ 34.3 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. നേരത്തെ 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 268 റൺസെടുത്തത്.
ക്യാപ്റ്റൻ തോമസ് റീയുടെ ഇന്നിങ്സ് (76) റൺസാണ് ഇംഗ്ലണ്ടിന് കരുത്തായത്. 41 റൺസെടുത്ത ഐസക് മുഹമ്മദും ഇഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യൻ ബൗളർമാറിൽ കനിഷ്‍ക് ചൗഹാനാണ് തിളങ്ങിയത്. എട്ടോവറിൽ 30 റൺസ് വിട്ടുകൊടുത്ത് കനിഷ്‍ക് മൂന്ന് വിക്കറ്റെടുത്തിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. അന്നും ടീമിനായി സൂര്യവൻശി മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി കനിഷ്ക് ചൗഹാൻ (3/20), മുഹമ്മദ് ഇനാൻ (2/37), സീമർമാരായ ആർ.എസ്. അംബരീഷ് (2/24), ഹെനിൽ പട്ടേൽ (2/41) എന്നിവർ തിളങ്ങിയപ്പോൾ ഇന്ത്യക്ക് മുന്നിൽ ലക്ഷ്യം 175 ആയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 24 ഓവർ മാത്രം ബാറ്റു ചെയ്ത് കളി ജയിക്കുകയായിരുന്നു. സൂര്യവൻഷിയും ആയുഷ് മത്രയെയും ചേർന്ന് ഏഴ് ഓവറിൽ 70 റൺസെടുത്ത് മികച്ച തുടക്കം നൽകി. മത്രെ മടങ്ങിയ ശേഷം സൂര്യവൻഷിക്കൊപ്പം ചേർന്ന ഉപനായകൻ അഭിഗ്യാൻ കുണ്ടു 45 റൺസുമായി പുറത്താകാതെ നിന്നു. 18 പന്തിൽ 48 റൺസ് അടിച്ചെടുത്താണ് സൂര്യവൻഷി ടീമിന് ജയമൊരുക്കിയത്.
കഴിഞ്ഞ ഐ.പി.എല്ലിൽ ഏഴു കളികളിൽ 252 റൺസ് അടിച്ചെടുത്ത 14കാരനായ താരം 35 പന്തിൽ സെഞ്ച്വറി പിന്നിട്ട് അദ്ഭുതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.