ഇന്ത്യൻ ടീം പരിശീലനത്തിൽ

ഇന്ന് സൂപ്പർ ട്രയൽ

ദുബൈ: സെപ്റ്റംബർ 11ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏഷ്യകപ്പിന്‍റെ കലാശപ്പോര് അരങ്ങേറുമ്പോൾ കപ്പിനായി കൊമ്പുകോർക്കാൻ ഏറ്റവും സാധ്യതയുള്ള രണ്ട് ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഏഷ്യകപ്പ് സൂപ്പർഫോറിന്‍റെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റുമുട്ടുമ്പോൾ ഫൈനലിന് മുമ്പുള്ള ട്രയലായാണ് ക്രിക്കറ്റ് ലോകം മത്സരത്തെ കാണുന്നത്.

ആദ്യ കളിയിൽ പാകിസ്താനെ തോൽപിച്ചത് ഇന്ത്യക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ഹോങ്കോങ്ങിനെ തച്ചുതകർത്തതിന്‍റെ ആത്മവിശ്വാസം പാകിസ്താനുമുണ്ട്. ആദ്യ മത്സരത്തിന് സമാനമായി ട്വന്‍റി20യുടെ സൗന്ദര്യവും അനിശ്ചിതാവസ്ഥയും നിറഞ്ഞുനിൽക്കുന്ന കളിയാവും ഞായറാഴ്ചയും അരങ്ങേറുന്നതെന്ന് കരുതുന്നു. യു.എ.ഇ സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം 7.30) ദുബൈയിലാണ് മത്സരം.

ഇതുവരെയുള്ള മത്സരങ്ങളുടെ വിധി നിർണയിക്കുന്നതിൽ ടോസ് നിർണായകമായിരുന്നു. പ്രാഥമിക റൗണ്ടിലെ ആറ് മത്സരത്തിൽ നാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഹോങ്കോങ്ങിനെതിരെ ഇന്ത്യയും പാകിസ്താനും മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചത്.

ഹോങ്കോങ് ഒഴികെയുള്ള ടീമുകളെല്ലാം ടോസ് നേടി ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. താരതമ്യേന ബൗളർമാർക്ക് അനുകൂലമായ ദുബൈയിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ 150-160 റൺസിലൊതുക്കിയാൽ ചേസ് ചെയ്ത് ജയിക്കാമെന്നാണ് കണക്ക് കൂട്ടൽ.

രണ്ടാം മത്സരത്തിൽ പുറത്തിരുന്ന ഹാർദിക് പാണ്ഡ്യ പാകിസ്താനെതിരെ തിരിച്ചെത്തും. ഇതോടെ ലോകേഷ് രാഹുൽ പുറത്തായേക്കും. വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ടീമിലെ ഏക ഇടംകൈയൻ എന്ന നിലയിൽ ഋഷഭ് പന്ത് ആദ്യ ഇലവനിൽ കളിക്കാനാണ് സാധ്യത.

പാക് ടീമിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ടീമിന്‍റെ നെടുന്തൂണായ നായകൻ ബാബർ അഅ്സമിന് രണ്ട് കളികളിലും ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യ പത്തോവറിലെ മെല്ലെപ്പോക്ക് രണ്ട് ടീമിനും തലവേദനയാണ്.

പരിക്കിന്‍റെ കളി

ഇന്ത്യക്കും പാകിസ്താനും തലവേദനയായി പരിക്കും കൂട്ടിനുണ്ട്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജദേജ ടൂർണമെന്‍റിൽ നിന്ന് പിൻമാറി. ആദ്യമത്സരത്തിൽ ജദേജ നന്നായി ബാറ്റ് ചെയ്തിരുന്നു. അക്സർ പട്ടേലിനെയാണ് പകരക്കാരനായി ടീമിലെടുത്തിരിക്കുന്നത്. ജദേജക്ക് പകരം ദീപക് ഹൂഡയോ അക്സർ പട്ടേലോ ഇന്ന് കളത്തിലിറങ്ങും.

ഓപണിങ് ബൗളർ ഷാനവാസ് ദഹാനിയുടെ പരിക്ക് പാകിസ്താന് തിരിച്ചടിയാണ്. ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടെയാണ് ദഹാനിക്ക് പരിക്കേറ്റത്. ഈ ടൂർണമെന്‍റിൽ പരിക്കേറ്റ് പിൻമാറുന്ന മൂന്നാമത്തെ പാക് പേസറാണ് ദഹാനി. നേരത്തെ ശഹീൻ അഫ്രീദിയും മുഹമ്മദ് വസീമും പരിക്കിനെ തുടർന്ന് പിൻമാറിയിരുന്നു.

Tags:    
News Summary - super trial today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT