ബെൻ സ്​റ്റോക്​സ്​

ബെൻ സ്​റ്റോക്​സ്​ മടങ്ങിവരുന്നു; ഇംഗ്ലണ്ട്​ ആവേശത്തിൽ

ലണ്ടൻ: വർത്തമാന ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിലൊരാളായ ബെൻ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിലേക്ക്​ തിരിച്ചുവരുന്നു. അടുത്ത മാസം തുടങ്ങുന്ന ആഷസ്​ പരമ്പരയിൽ ടീമിനൊപ്പം സ്​റ്റോക്​സും ആസ്​ട്രേലിയയിലേക്ക്​ പറക്കും. മാനസിക സമ്മർദത്തെ തുടർന്നും വിരലിനേറ്റ പരിക്കിനെ തുടർന്നുമാണ്​ ഞാൻ കളിയിൽ നിന്നും ഇടവേളയെടുത്തതെന്നും ആസ്​ട്രേലിയക്ക്​ ​പോകാൻ തയാറാണെന്നും സ്​റ്റോക്​സ്​ പ്രതികരിച്ചു.

സ്​റ്റോക്​സിന്‍റെ വിരലിനുള്ള പരിക്കിന്​ വിജയകരമായി ഓപ്പറേഷൻ പൂർത്തിയാക്കിയെന്നും ആഷസ്​ പരമ്പരയിൽ സ്​റ്റോക്​സ്​ നിർണായക പങ്കുവഹിക്കുമെന്നും ഇ.സി.ബി ചെയർമാൻ ആഷ്​ലി ജൈൽസ്​ പറഞ്ഞു.

ജൂലൈയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ്​ പരമ്പര തുടങ്ങാനിരിക്കേയാണ്​ സ്​റ്റോക്​സ് ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്​​ . തുടർന്ന്​ ഐ.പി.എല്ലിലും ഇപ്പോൾ നടന്നുവരുന്ന ട്വന്‍റി 20 ലോകകപ്പിലും സ്​റ്റോക്​സ്​ കളിച്ചിരുന്നില്ല. അനുഭവ സമ്പന്നനായ സ്​റ്റോക്​സ്​ തിരിച്ചവരുന്നത്​ ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ടിനും ഏറെ ആശ്വാസമാണ്​.

കഴിഞ്ഞ ഡിസംബറിൽ സ്​റ്റോക്​സിന്‍റെ പിതാവ്​ കാൻസർ ബാധിച്ച്​ മരിച്ചിരുന്നു. ​ഏ​പ്രിലിൽ ആദ്യ പാദ ഐ.പി.എല്ലിനിടെ വിരലിന്​ പരിക്കേറ്റ സ്​റ്റോക്​സ്​ പിന്മാറിയെങ്കിലും പാകിസ്​താനെതിരായ പരമ്പരയിൽ തിരിച്ചുവന്നിരുന്നു. ന്യൂസിലൻറിൽ ജനിച്ച ബെൻ സ്​റ്റോക്​സ്​ പിന്നീട്​ ഇംഗ്ലണ്ടിലേക്ക്​ കുടിയേറുകയായിരുന്നു. സ്​റ്റോക്​സിന്‍റെ അർധ സഹോദരനും സഹോദരിയും വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുണ്ട ഭൂതകാലവും സ്​റ്റോക്​സിനുണ്ട്​. 2019ൽ ഐ.സി.സി ക്രിക്കറ്റർ ഓഫ്​ ദ ഇയർ പുരസ്​കാരം നേടിയ സ്​റ്റോക്​സ്​ ഇംഗ്ലണ്ടിനെ ലോകകപ്പ്​ വിജയികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. തുടർന്ന്​ നടന്ന ആഷസിലും അതിഗംഭീര ​േഫാം ആവർത്തിച്ച സ്​റ്റോക്​സ്​ ബി.സി.സി സ്​പോർട്​സ്​ പേഴ്​സനാലിറ്റി അവാർഡും നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.