വൈഭവ്, അഭിഷേക്, ഇഷാൻ എന്നിവരുടെ പ്രതിഭയോട് നാം കാണിക്കുന്നത് അനീതി; ഏകദിന ടീമിൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് സിങ്
കൗമാരതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ ഏകദിനത്തിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. മൂന്ന് പേരെയും ഏകദിന ടീമിൽ സ്ഥിരമായി ഉൾപ്പെടുത്താത്തത് ഇവരുടെ പ്രതിഭയോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉടനെ തന്നെ മൂവരും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുമെന്ന് പി.ടി.ഐയോട് സംസാരിക്കവെ യുവരാജ് പ്രതീക്ഷ പങ്കുവെച്ചു.
"സത്യം പറഞ്ഞാൽ അവൻ (അഭിഷേക്) ഏകദിന ടീമിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇഷാൻ കിഷൻ, അഭിഷേക്, വൈഭവ് സൂര്യവംശി എന്നിവരെ 50 ഓവർ ക്രിക്കറ്റിലേക്ക് തെരഞ്ഞെടുക്കുന്നില്ലെങ്കിൽ, എവിടെയോ അവരുടെ പ്രതിഭയോട് നാം നീതി പുലർത്തുന്നില്ല. ഇത് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മികച്ച കളിക്കാരുണ്ടെന്ന് എനിക്ക് അറിയാം. അതിനാൽ തന്നെ അവർക്ക് ഒരു സ്ഥാനം കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, ഈ ബാറ്റർമാർ കളിക്കുന്ന രീതി കാണുമ്പോൾ അവർ ഉടനെ തന്നെ സ്ക്വാഡിൽ ഇടം പിടിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്,' -യുവരാജ് സിങ് പറഞ്ഞു.
അഭിഷേകിന്റെ നേട്ടങ്ങളെയും യുവരാജ് സിങ് പ്രശംസിച്ചു. അഭിഷേക് നേടിയതെല്ലാം അവന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. അതിന്റെ എല്ലാ ക്രെഡിറ്റും അവന് തന്നെ അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഷേകിന്റെ മെന്ററാണ് യുവരാജ്. ഇന്ത്യൻ ഓപ്പണർക്ക് ഉപദേശങ്ങൾ നൽകുന്ന ഈ ഇതിഹാസ ഓൾറൗണ്ടർ താരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മെന്ററായതിനാൽ തന്നെ അഭിഷേക് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമ്പോൾ അഭിനന്ദിച്ചും പ്രശംസിച്ചും ചിലപ്പോഴെയെല്ലാം വെല്ലുവിളിച്ചും യുവരാജ് രംഗത്തെത്താറുണ്ട്. ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം ട്വന്റി20ക്ക് ശേഷം നടത്തിയ യുവരാജിന്റെ ഇത്തരമൊരു പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
കിവീസിനെതിരെ വെല്ലിങ്ടണിലെ മത്സരത്തിൽ അഭിഷേക് 15 പന്തിൽ അർധ സെഞ്ച്വറി തികച്ചിരുന്നു. ഇതിന് പിന്നാലെ 'നിനക്ക് ഇപ്പോഴും 12 പന്തിൽ 50 അടിക്കാൻ കഴിഞ്ഞില്ല അല്ലേ അഭിഷേക്?' എന്ന് യുവരാജ് സിങ് എക്സിൽ തമാശയായി പോസ്റ്റ് ചെയ്തു. തന്റെ 2007 ട്വന്റി20 ലോകകപ്പിലെ 12 പന്തിലെ അതിവേഗ അർധ സെഞ്ച്വറി പരാമർശിച്ചായിരുന്നു ഇത്. 'അന്ന് അദ്ദേഹം ഏതുതരം ക്രിക്കറ്റാണ് കളിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല' എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.