അർജുന രണതുംഗയും മുത്തയ്യ മുരളീധരനും (ഇടത് 1996 ലോകകപ്പിൽ), വലതു പുതിയ ചിത്രം
കൊളംബോ: ജഴ്സിയെയും തോൽപിക്കുന്ന കുടവയറും, തടിച്ച ശരീരവുവുമായി ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ നെയ്തെടുത്ത്, ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച അർജുന രണതുംഗ നയന്റീസിന് (90s) മുമ്പത്തെ തലമുറയുടെ ഹരമായിരുന്നു. അർജുന രണതുംഗ, സനത് ജയസൂര്യ, അരവിന്ദ ഡിസിൽവ എന്നിവരടങ്ങിയ നിര ക്രിക്കറ്റ് സമവാക്യങ്ങൾ തന്നെ മാറ്റിയെഴുതി ലോകകപ്പിലേക്ക് ദ്വീപുരാഷ്ട്രത്തെ നയിച്ച 1996 ലോകകപ്പ്.
മഞ്ഞവരകളും, കടും നീലനിറവുമുള്ള ജഴ്സിയിൽ മൈതാന മധ്യത്തിലൂടെ ഓടിയും നടന്നും ടീമിനെ നയിച്ച രണതുംഗയെ എങ്ങനെ മറക്കാൻ കഴിയും.
ശ്രീലങ്ക പിന്നീടൊരു ലോകകപ്പും സ്വന്തമാക്കിയില്ല. അന്നത്തെ ഗോൾഡൻ ജനറേഷന് പിന്നീടൊരു തുടർച്ചയുമുണ്ടായില്ല. 1999 ഓടെ ക്രിക്കറ്റ് ക്രീസ് വിട്ട രണതുംഗെ, രാഷ്ട്രീയ ക്രീസിൽ പ്രവേശിച്ച് വിവിധ വകുപ്പ് മന്ത്രിയായും പൊതു ജനമധ്യത്തിൽ സജീവമായി നിന്നു.
കുടവയറും, വലിയ ശരീരവുമായി ശ്രദ്ധ നേടിയ രണതുംഗെ ശേഷം, ദീർഘകാലം പൊതു മധ്യത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു ചിത്രത്തിലൂടെ ലങ്കക്കാരുടെ ക്രിക്കറ്റ് ജീനിയസ് വീണ്ടും വാർത്തകളിലും ആരാധക ചർച്ചകളിലും നിറയുകയാണ്.
സഹതാരം സനത് ജയസൂര്യ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രമാണ് വാർത്തകളിൽ നിറഞ്ഞത്. ജയസൂര്യ, അരവിന്ദ ഡിസിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പം ചുവന്ന കുർത്തയിൽ നിൽക്കുന്ന അർജുന രണതുംഗെ. നിറഞ്ഞു നിന്ന വയറെല്ലാം അപ്രത്യക്ഷമായി, കറുത്ത മുടി മാഞ്ഞ് വെള്ളനിറമായി, തുടുത്ത കവിളകുകൾ മാഞ്ഞ് അടിമുടി മാറിയൊരു രണതുംഗെ. തിരിച്ചറിയാൻ പോലും കഴിയാതെ രൂപമാറ്റം സംഭവിച്ച രണതുംഗെയുടെ വെയ്റ്റ് ലോസിന്റെ കാരണങ്ങളെ കുറിച്ചായി സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ ചർച്ച.
ചുവന്ന കളറിലെ കുർത്തയണിഞ്ഞയാളാണോ രണതുംഗയെന്നായി ഒരു ആരാധകന്റെ സംശയം. 20 വയസ്സ് കുറഞ്ഞുവെന്നായി മറ്റൊരു ആരാധകൻ. എന്തുപറ്റി എന്നായി മറ്റൊരു ചോദ്യം....
ആരോഗ്യ പ്രശ്നങ്ങളാണോ താരത്തിന്റെ അവിശ്വസനീയ ട്രാൻസ്ഫോർമേഷന് പിന്നിലെന്നും ചോദ്യമുയരുന്ന.
എന്തായാലും രണതുംഗയുടെ ശരീരഭാരം കുറയാനുള്ള കാരണം തേടിയിറങ്ങിയിരിക്കുകയാണ് ആരാധകർ. തമിഴ് യൂണിയന്റെ 125ാം വാർഷിക ആഘോഷ ചടങ്ങിലായിരുന്നു പഴയ ഇതിഹാസങ്ങൾ ഒത്തുചേർന്നത്.
സജീവ ക്രിക്കറ്റ് കാലത്ത് പതിവായി വേദനാ സംഹാരികൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് രണതുംഗെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കടുത്ത ശാരീരിക പ്രശ്നങ്ങളും താരത്തെ അലട്ടിയിരുന്നു. ശരീരഭാരം വർധിച്ചതോടെ, ഭാരം കുറക്കാനായി കഴിഞ്ഞ വർഷം ശസ്ത്രക്രിയ നടത്തിയതായും വാർത്തയുണ്ടായിരുന്നു. തുടർന്ന്, ശരീരഭാരം കാര്യമായി കുറയുകയും, ആരോഗ്യ നിലമെച്ചപ്പെടുകയും ഓടാനും ഇരിക്കാനും കഴിഞ്ഞ പത്തു വർഷത്തോളമായി ചെയ്യാതിരുന്ന പലതും ചെയ്യാൻ കഴിയുന്നതായും താരം അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
18 വർഷത്തോളം ലങ്കക്കായി കളിച്ച അർജുന രണതുംഗെ ടെസ്റ്റിൽ 5105 റൺസും, ഏകദിനത്തിൽ 7456 റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.