റിക്കിൾട്ടന്റെ സെഞ്ചുറി പാഴായി; വാംഖഡെയിൽ മുംബൈയെ തകർത്ത് ഹൈദരാബാദ്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശജയം. മുംബൈ ഉയർത്തിയ 244 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം എട്ടു പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. റയാൻ റിക്കിൾട്ടന്റെ റെക്കോർഡ് സെഞ്ചുറിയുടെ കരുത്തിൽ മുംബൈ വിജയം സ്വപ്നം കണ്ടെങ്കിലും ട്രാവിസ് ഹെഡും ഹെൻഡ്രിച്ച് ക്ലാസനും ഹൈദരാബാദിനായി കൊടുങ്കാറ്റാവുകയായിരുന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിനായി ഓപ്പണർ ട്രാവിസ് ഹെഡ് (76) അടിത്തറയിട്ടു. അഭിഷേക് ശർമയും (45) സാലിൽ അറോറയും (30) മികച്ച പിന്തുണ നൽകിയപ്പോൾ മധ്യനിരയിൽ ഹെൻഡ്രിച്ച് ക്ലാസൻ (65*) കത്തിക്കയറി. മുംബൈയ്ക്കായി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ റയാൻ റിക്കിൾട്ടന്‍റെ ബാറ്റിങ് മികവിൽ മികച്ച ടോട്ടൽ പടുത്തുയർത്തി. വെറും 44 പന്തിൽ സെഞ്ചുറി തികച്ച റിക്കിൾട്ടൺ, സനത് ജയസൂര്യയുടെ (45 പന്ത്) റെക്കോർഡ് മറികടന്ന് മുംബൈ ഇന്ത്യൻസിനായി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമായി. 55 പന്തിൽ എട്ട് സിക്സറും 10 ഫോറുമടക്കം 123 റൺസുമായി താരം പുറത്താകാതെ നിന്നു. വിൽ ജാക്സ് (46), ഹാർദിക് പാണ്ഡ്യ (31), നമൻ ധിർ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ബൗളർമാർ റൺസ് വഴങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റ് നേടി.

Tags:    
News Summary - SRH chases down 244 against Mumbai Indians; Ryan Rickelton's record century in vain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.