പാക് താരത്തെ ആലിംഗനം ചെയ്ത് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്; ദൃശ്യങ്ങൾ വൈറൽ...

ലണ്ടൻ: ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ ശത്രുത കായികവേദികളിലും പ്രതിഫലിക്കുന്നതിനിടെ, സൗഹൃദത്തിന്റെ നേർക്കാഴ്ചയായി ഒരു വീഡിയോ. ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹൺഡ്രഡ്' വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസും പാകിസ്താൻ ഓൾറൗണ്ടർ ഫാത്തിമ സനയും സ്നേഹം പങ്കിടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

സതാംപ്ടണിൽ സതേൺ ബ്രേവും ബർമിങ്ഹാം ഫീനിക്സും തമ്മിൽ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. സതേൺ ബ്രേവ് താരമായ ജെമീമയും ബർമിങ്ഹാം നിരയിലുള്ള ഫാത്തിമയും മത്സരശേഷം പരസ്പരം ആലിംഗനം ചെയ്യുകയും ചിരിച്ച് സംസാരിക്കുകയും ചെയ്തു. ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം കൈകൊടുത്ത് പിരിയുന്നതിനിടയിലായിരുന്നു ഇരുവരും സ്നേഹം പങ്കിട്ടത്.

2025-ലെ പഹൽഗാം ഭീകരാക്രമണത്തിനും ഇതിന് മറുപടിയായുള്ള 'ഓപ്പറേഷൻ സിന്ദൂറി'നും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഇതിനുശേഷം കായിക വേദികളിൽ ഇന്ത്യ- പാക് താരങ്ങൾ ഹസ്തദാനം വേണ്ടെന്ന നിലപാടാണ് തുടർന്നിരുന്നത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പിൽ ടോസ് സമയത്തും മത്സരശേഷവും പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൈകൊടുക്കാൻ വിസമ്മതിച്ചത് വലിയ വാർത്തയായിരുന്നു.

കൂടാതെ, ഏഷ്യാ കപ്പ് കിരീടം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതലയുമുള്ള പി.സി.ബി മേധാവി മൊഹ്‌സിൻ നഖ്വിയിൽ നിന്ന് വാങ്ങാനും ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. 'നോ ഹാൻഡ്‌ഷേക്ക്' നിലപാടുകൾ തുടരുന്നതിനിടെയാണ് ഫ്രാഞ്ചൈസി ലീഗിലെ ഈ വേറിട്ട കാഴ്ച.

അതേസമയം, ജെമീമയുടെ നടപടിയോട് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉയർന്നുവരുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിനെയും സൗഹൃദത്തെയും ഒരു വിഭാഗം അനുകൂലിക്കുമ്പോൾ, രാജ്യത്തിന്റെ നിലപാടിനെ മാനിക്കാതെ പാക് താരത്തെ ആലിംഗനം ചെയ്ത ജെമിമയെ വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.

മത്സരത്തിൽ ജെമീമയുടെ ടീമായ സതേൺ ബ്രേവ് 24 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് നിശ്ചിത 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. 18 പന്തിൽ പുറത്താകാതെ 28 റൺസെടുത്ത ജെമിമയുടെയും ലിസെല്ലെ ലീ (43), മയ ബൗച്ചർ (45) എന്നിവരുടെയും ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബർമിങ്ഹാമിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ സാധിച്ചുള്ളൂ. 16 റൺസെടുത്ത എലിസ് പെറിക്കൊപ്പം അഞ്ച് റൺസുമായി ഫാത്തിമ സനയും പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ബർമിങ്ഹാമിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. സതേൺ ബ്രേവിന്റെ തുടർച്ചയായ നാലാം ജയവും.

Tags:    
News Summary - Jemimah Rodrigues Hugs Fatima Sana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.