അമൃത്സർ: മോശം ഫോമിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്കെല്ലാം സ്വന്തം നാട്ടിൽ ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി ഇന്ത്യൻ യുവതാരം അഭിഷേക് ശർമ. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിൽ അമൃത്സർ ടീമിനായി കളത്തിലിറങ്ങിയ താരം വെറും 91 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 233 റൺസാണ്. തരൺ തരൻ ടീമിനെതിരെ നടന്ന മത്സരത്തിൽ 25 കൂറ്റൻ സിക്സറുകളും 15 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
256.04 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ അഭിഷേകിന്റെ ഒറ്റയാൾ മികവിൽ അമൃത്സർ ടീം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. തുടക്കം മുതൽ തന്നെ ബൗളർമാരെ കടന്നാക്രമിച്ച താരം അനായാസമാണ് അതിർത്തിവരമ്പുകൾ കടത്തിയത്.
ഒടുവിൽ ആശിഷ് ലോറൻസിന്റെ പന്തിൽ അനികേത് സിങ്ങിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. 85 പന്തിൽ 10 ഫോറും രണ്ട് സിക്സറുമടക്കം 93 റൺസെടുത്ത അഭയ് ചൗധരിയും, 33 പന്തിൽ 51 റൺസ് നേടിയ അഭിനവ് ശർമയും അഭിഷേകിന് മികച്ച പിന്തുണ നൽകി.
അടുത്തിടെ രാജ്യാന്തര ട്വന്റി 20-യിൽ തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു അഭിഷേക് ശർമ കാഴ്ചവെച്ചിരുന്നത്. സിംബാബ്‌വെ, ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിയാതിരുന്നതോടെ ഐ.സി.സി ട്വന്റി 20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുനിന്നും താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സിംബാബ്‌വെ പരമ്പരയിലെ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് വെറും 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത് (ശരാശരി 3.66).
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളിൽ നിന്ന് 131 റൺസും അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 49 റൺസുമാണ് സമ്പാദ്യം. അവസാന പത്ത് ട്വന്റി 20 ഇന്നിങ്സുകളിൽ ഒരേയൊരു അർധസെഞ്ചറി മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ മോശം ഫോമിൽ നിന്നുള്ള ഗംഭീര തിരിച്ചുവരവാണ് പുതിയ വെടിക്കെട്ട് ഇന്നിങ്സിലൂടെ അഭിഷേക് ഇപ്പോൾ നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ കൂറ്റൻ സിക്സറുകളുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.