സചിനല്ല! എക്കാലത്തെയും മികച്ച വൈറ്റ് ബാൾ ക്രിക്കറ്റ് താരത്തെ തെരഞ്ഞെടുത്ത് ഗാംഗുലി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിലെ മോശം ഫോമിലുടെ കടന്നുപോകുമ്പോഴും ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ക്രിക്കറ്റ് താരമായാണ് കോഹ്ലിയെ ഗാംഗുലി വിശേഷിപ്പിക്കുന്നത്.

വനിത ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർ താരങ്ങളായ മിഥാലി രാജ്, ജൂലൻ ഗോസ്വാമി എന്നിവരോടാണ് കോഹ്ലിയെ ഉപമിച്ചത്. വൈറ്റ് ബാൾ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് 36കാരനായ കോഹ്ലിയെന്നും ഗാംഗുലി പുകഴ്ത്തി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച സംസ്ഥാന താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി. മിഥാലി രാജ്, ഗോസ്വാമി, മുഹമ്മദ് ഷമി എന്നീ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

‘ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ജൂലൻ ഗോസ്വാമി, മിഥാലി രാജ് എന്നിവരെ പോലെ പുരുഷ ക്രിക്കറ്റിൽ ഒരിക്കൽ മാത്രം കാണാവുന്ന താരം. കരിയറിൽ 80 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുന്നത് അവിശ്വസനീയ കാര്യമാണ്. എനിക്ക്, ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച വൈറ്റ് ബാൾ താരം കോഹ്ലിയാണ്’ -ഗാംഗുലി പറഞ്ഞു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ (50) നേടിയ താരമാണ് കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറേക്കാൾ (49) ഒരു സെഞ്ച്വറി അധികം. ഏകദിനത്തിലും ട്വന്‍റി20 ക്രിക്കറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് കോഹ്ലി. ബോർഡർ ഗവാസ്കർ ട്രോഫിയിൽ കോഹ്ലിയുടെ മോശം പ്രകടനം അത്ഭുതപ്പെടുത്തിയെന്നും ഗാംഗുലി പ്രതികരിച്ചു.

ഇന്ത്യ ജയിച്ച പെർത്തിലെ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടും അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഒമ്പത് ഇന്നിങ്സുകളിലായി കോഹ്ലി ആകെ നേടിയത് 190 റൺസാണ്. ശരാശരി 23.75. താരത്തിന്‍റെ കരിയറിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജൂണിലെ ഇംഗ്ലണ്ട് പര്യടനം വലിയ വെല്ലുവിളിയാകുമെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sourav Ganguly Names 36-Year-Old As 'Greatest White-Ball Player World Has Ever Seen'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.