കൊൽക്കത്ത: രാജസ്ഥാൻ റോയൽസിന്‍റെ പതിനാലുകാരൻ വൈഭവ് സൂര്യവംശിയെ നേരിട്ടുകണ്ട് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഈഡർ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഒറ്റ റണ്ണിന് തോറ്റതിനു പിന്നാലെയാണ് ഗ്രൗണ്ടിലെത്തി ഗാംഗുലി വൈഭവിനോട് സംസാരിച്ചത്.
മത്സരത്തിൽ കൗമാരതാരം നിരാശപ്പെടുത്തിയിരിന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ്, തൊട്ടടുത്ത രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. മുംബൈ ഇന്ത്യൻസിനെതിരെ പൂജ്യത്തിനും കൊൽക്കത്തക്കെതിരെ നാലു റൺസിനുമാണ് പുറത്തായത്. ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തമാക്കി.
ഐ.പി.എല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി, ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം വൈഭവിന്‍റെ പേരിലായി.
രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, മലയാളി താരം സഞ്ജു സാംസൺ എന്നിവരുമായി സൗഹൃദം പങ്കിട്ടശേഷമാണ് ഗാംഗുലി വൈഭവുമായി സംസാരിക്കാൻ സമയം കണ്ടെത്തിയത്. താരത്തിന്‍റെ ബാറ്റ് വാങ്ങി വിലപ്പെട്ട ഉപദേശവും കൈമാറി. ‘നിങ്ങളുടെ ബാറ്റിങ് കണ്ടു. ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുന്ന ഈ രീതി തുടരുക. ശൈലി മാറ്റേണ്ട ആവശ്യമില്ല’ -ഗാംഗുലി പറഞ്ഞു.
നേരത്തെ, മുൻ താരങ്ങൾ ഉൾപ്പെടെ പലരും വൈഭവിനെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. നായകൻ റയാൻ പരാഗിന്‍റെ ബാറ്റ് ഈഡൻ ഗാർഡൻസിൽ തീപടർത്തിയിട്ടും ഒറ്റ റണ്ണിന് രാജസ്ഥാൻ പൊരുതി തോൽക്കുകയായിരുന്നു. കൊൽക്കത്തയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചു റൺസ് അകലെയാണ് പരാഗിന് സെഞ്ച്വറി നഷ്ടമായത്. 45 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്.
ഇംഗ്ലീഷ് താരം മുഈൻ അലി എറിഞ്ഞ 13ാം ഓവറിൽ തുടർച്ചയായി അഞ്ചു സിക്സുകളാണ് പരാഗ് നേടിയത്. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ചു, തുടർച്ചയായി ആറു സിക്സുകൾ. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരുതാരം തുടർച്ചയായി ആറു സിക്സുകൾ നേടുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.