ചരിത്രം കുറിച്ച് സ്മൃതി മന്ദാന; മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം

നോട്ടിങ്ഹാം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി കുറിക്കുന്ന പ്രഥമ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടത്തിൽ സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 62 പന്തിൽ 112 റൺസാണ് സ്മൃതി അടിച്ചെടുത്തത്. ടീമിനെ നയിച്ച ഓപണറുടെ ശതക മികവിൽ ഇന്ത്യ എതിരാളികൾക്ക് 211 റൺസിന്റെ വിജയലക്ഷ്യവും നിശ്ചയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട‍ത്തിലാണ് സന്ദർശകർ 210ലെത്തിയത്.

ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ ഇന്ത്യയെ നയിച്ച സ്മൃതി സഹ ഓപണർ ഷഫാലി വർമക്കൊപ്പം ഗംഭീര തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇവർ 77 റൺസ് ചേർത്തു. 22 പന്തിൽ 20 റൺസെടുത്ത ഷഫാലി ഒമ്പതാം ഓവറിൽ മടങ്ങിയെങ്കിലും തുടർന്നെത്തിയ ഹർലീൻ ഡിയോൾ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. 23 പന്തിൽ 43 റൺസ് നേടിയ ഹർലീൻ 16 ഓവർ പൂർത്തിയാകവെ പുറത്താവുമ്പോൾ സ്കോർ ബോർഡിൽ 171. റിച്ച ഘോഷ് ആറ് പന്തിൽ 12 റൺസ് ചേർത്തു. 20 ഓവറിലെ രണ്ടാം പന്തിൽ സോഫി എക്കിൾസ്റ്റണിന് വിക്കറ്റും നാറ്റ് സീവർ ബ്രണ്ടിന് ക്യാച്ചും സമ്മാനിച്ചാണ് സ്മൃതി തിരിച്ചുനടന്നത്. 15 ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

51 പന്തിലാണ് സ്മൃതിയുടെ ശതകം പിറന്നത്. അന്താരാഷ്ട്ര ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. ഹർമൻപ്രീതാണ് (103) പട്ടികയിലെ ആദ്യത്തെയാൾ. ടെസ്റ്റിൽ രണ്ടും ഏകദിനത്തിൽ 11ഉം ശതകങ്ങൾ സ്മൃതിയുടെ പേരിലുണ്ട്. മറുപടി ബാറ്റിങ്ങിൽ ആതിഥേയരായ ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് 97 റൺസിന്‍റെ കൂറ്റൻ ജയം. ശ്രീ ചരണിയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലീഷുകാരെ തകർത്തത്. 3.5 ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയാണ് താരം ഇത്രയും വിക്കറ്റെടുത്തത്.

ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ടിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 42 പന്തിൽ താരം 66 റൺസെടുത്തു. ക്യാപ്റ്റനെ കൂടാതെ, രണ്ടുപേർ മാത്രമാണ് ടീമിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപ്തി ശർമ, രാധാ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

Tags:    
News Summary - Smriti Mandhana creates history with century in all three formats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.