‘സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ ഇന്ത്യൻ മുസ്ലിംകൾക്കും അഭിനന്ദനങ്ങൾ’; ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഐക്യത്തിലെന്നും ശിഖർ ധവാൻ

ന്യൂഡല്‍ഹി: ഇന്ത്യൻ സേനയുടെ പെൺകരുത്തിന്‍റെ മുഖങ്ങളിലൊന്നായ കേണൽ സോഫിയ ഖുറേഷിയെയും രാജ്യത്തിനുവേണ്ടി പോരാടിയ മുസ്‌ലിംകളെയും അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണവും പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശവും ചര്‍ച്ചയാകവെയാണ് പിന്തുണയുമായി ധാവൻ രംഗത്തെത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം അഭിനന്ദനം അറിയിച്ചത്. ‘ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നത്. കേണൽ സോഫിയ ഖുറേഷിയെപ്പോലുള്ള ധീരന്മാര്‍ക്കും രാജ്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഇന്ത്യൻ മുസ്‌ലിംകൾക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്’ - ശിഖര്‍ ധവാന്‍ എക്സില്‍ കുറിച്ചു. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് വിശദീകരിച്ചത് സോഫിയയും വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്ങുമാണ്.

നേരത്തെ, സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവാർ വിജയ് ഷായെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ് ഷാക്കെതിരായ കേസിൽ അടിയന്തര ഇടപെടൽ നടത്താനും സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഭരണഘടന പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്തത്തോടെ പെരുമാറണം. ഏത് തരത്തിലുള്ള പരാമർശമാണിത്. ഇത്തരമൊരു പരാമർശം മന്ത്രി നടത്തുന്നത് ഉചിതമാണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം, പ്രസ്താവനയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മാധ്യമങ്ങളാണ് മന്ത്രിയുടെ പ്രസ്താവനക്ക് അമിത പ്രാധാന്യം നൽകിയതെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ, വാദങ്ങൾ മുഖവിലക്കെടുക്കാൻ സുപ്രീംകോടതി തയാറായില്ല.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇതിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

വിവാദമായതോടെ ക്ഷമാപണം നടത്തി വിജയ് ഷാ രംഗത്തെത്തിയിരുന്നു. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ് എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

Tags:    
News Summary - Shikhar Dhawan Tweets 'Hats off to Colonel Sofia Qureshi and Countless Indian Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.