സഞ്ജുവിന് വേണ്ടി 'ക്രീസിലിറങ്ങി' ശശി തരൂരും; 'പന്തിന് വിശ്രമം നൽകൂ, സഞ്ജുവിനെ കളിപ്പിക്കൂ'

മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ നിരന്തരം അവഗണനയേറ്റുവാങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ശശി തരൂർ എം.പിയും. സഞ്ജുവിന്‍റെ ബാറ്റിങ് ശരാശരി ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ ഇന്ത്യൻ കോച്ച് വി.വി.എസ് ലക്ഷ്മണിനെ ടാഗ് ചെയ്ത് തരൂരിന്‍റെ ട്വീറ്റ്.

ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരത്തിലും റിഷഭ് പന്ത് പരാജയപ്പെട്ടത് തരൂർ ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ഒരിക്കൽ കൂടി റിഷഭ് പന്ത് പരാജയപ്പെട്ടിരിക്കുന്നു. ​ഏകദിന-ട്വന്റി മത്സരങ്ങളിൽ പന്തിന് ബ്രേക്ക് വേണം. ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ കഴിവ് തെളിയിക്കാൻ സഞ്ജു ഇനി ഐ.പി.എൽ വരെ കാത്തിരിക്കണമെന്നും തരൂർ പറഞ്ഞു.

നേരത്തെ പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാൽ അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യൻ പരിശീലകൻ വി.വി.എസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനും ശശി തരൂർ മറുപടി നൽകി. കഴിഞ്ഞ 11 ഇന്നിങ്സുകളിൽ 10 എണ്ണത്തിലും പന്ത് പരാജയപ്പെട്ടുവെന്ന് തരൂർ പറഞ്ഞു. 66 ആണ് സഞ്ജു സാംസണിന്റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ അഞ്ച് മത്സരത്തിലും സഞ്ജു റൺസെടുത്തിരുന്നു. എങ്കിലും ഇപ്പോഴും ബെഞ്ചിലാണ് സഞ്ജുവിന്റെ സ്ഥാനമെന്നും തരൂർ പറഞ്ഞു.

ഒന്നാം ഏകദിനത്തിൽ 38 പന്തിൽ 36 റൺസെടുത്ത സഞ്ജുവിന് രണ്ടാം ഏകദിനത്തിലും അവസരം നൽകിയിരുന്നില്ല. ഇതിനെതിരായ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ, ആരാധക പ്രതിഷേധം ചെവികൊള്ളാതെ മൂന്നാം ഏകദിനത്തിലും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു.

സഞ്ജുവിനെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.