ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. വളറെ മികച്ച ബൗളിങ് ആക്ഷനും അതിനൊത്തെ മികച്ച പ്രകടനവും അദ്ദേഹത്തിന്‍റെ ബൗളിങ്ങിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ പരിക്കുകൾ ബുംറക്ക് എന്നും വിലങ്ങ് തടിയാണ്. കരിയറിന്‍റെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോൾ ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ചാമ്പ്യൻ ട്രോഫിയടക്കം വൈറ്റ് ബോൾ ക്രിക്കറ്റിലെ മത്സരങ്ങൾ ബുംറക്ക് നഷ്ടമായി.
ഇനി വരാനിരിക്കുന്ന ഐ.പി.എല്ലിൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനിരിക്കുകയാണ് ബുംറയിപ്പോൾ. നിലവിൽ ബി.സി.സി.ഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ പുനരധിവാസത്തിന് വേണ്ടി ചികിത്സയിലിരിക്കുന്ന ബുംറയുടെ പരിക്കിനെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും ആശങ്ക ഉന്നയിക്കുകയാണ് മുൻ ന്യൂസിലാൻഡ് താരവും മുൻ മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ചുമായ ഷെയ്ൻ ബോണ്ട്.
'സ്കാനിങ്ങിനായി അവൻ സിഡ്‌നിയിലേക്കായിരുന്നു പോയത്, അവന് ഉളുക്ക് സംഭവിച്ചെന്ന രീതിയിലുള്ള ചില സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. അത് ഉളുക്കല്ലെന്നും മുതുകിന് പരിക്കായിരിക്കാമെന്നും ഞാൻ ആശങ്കപ്പെട്ടു. ബുംറക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. എന്നാൽ വർക്ക്ലോഡ് മാനേജ്മെന്‍റ് പ്രധാനമാണ്.
ബുംറ സുഖം പ്രാപിക്കും, പക്ഷേ അവൻ ഫിറ്റാണെങ്കിൽ പോലും ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ അത് കഠിനമാകും. ഐപിഎല്ലിന് തൊട്ടുപിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. അദ്ദേഹം നിങ്ങളുടെ ഏറ്റവും മികച്ച ബൗളറാണ്, പക്ഷേ അതേ സ്ഥാനത്ത് വീണ്ടും പരിക്കേറ്റാൽ, അത് അദ്ദേഹത്തിന്റെ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ട്, കാരണം നിങ്ങൾക്ക് ആ സ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയ നടത്താൻ കഴിയുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല,' ബോണ്ട് പറഞ്ഞു.
ഐ.പി.എല്ലിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരവും ബുംറയെ താൻ കളിപ്പിക്കില്ലെന്നും രണ്ട് മത്സരത്തിൽ കൂടുതൽ തുടർച്ചയായി ബുംറയെ ടെസ്റ്റിൽ കളിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.