'എന്ത് കളിയിത്... വല്ലാത്ത വിധിയിത്...! രാജസ്ഥാന് ജയിക്കാൻ മനസ്സില്ല മക്കളേ...'

'ഇങ്ങനെയും ഒരു കളി തോൽക്കാനാകുമോ?' ഐ.പി.എല്ലിൽ ഇന്നലെ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് ആരാധകരുടെ മനസ്സിലെ ചോദ്യമാണിത്. നിഷ്പ്രയാസം ജയിക്കുമെന്ന് കരുതിയ മത്സരത്തിൽ രണ്ട് റൺസിന്‍റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ഇതോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകളും നിറംമങ്ങി. ഡൽഹിക്കെതിരായ സൂപ്പർ ഓവർ തോൽവിയും, പിന്നാലെ ഇന്നലത്തെ തോൽവിയും രാജസ്ഥാന് കനത്ത നിരാശയാണ് സമ്മാനിച്ചത്.

ലഖ്നോ ഉയർത്തിയ 181 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് പ്രയാസംകൂടാതെ നീങ്ങുകയായിരുന്നു രാജസ്ഥാൻ. അവസാന 18 പന്തിൽ രാജസ്ഥാന് വേണ്ടിയിരുന്നത് വെറും 25 റൺസ്. കയ്യിലുള്ളത് എട്ടു വിക്കറ്റുകൾ. ക്രീസിൽ മികച്ച ഫോമിലുള്ള യാശ്വസി ജയ്സ്വാളും റിയാൻ പരാഗും. ലഖ്നോ പരാജയം ഏറെക്കുറെ ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, അവിടുന്നങ്ങോട്ട് കളി മാറുകയായിരുന്നു.

18ാം ഓവറിലെ ആദ്യ പന്തിൽ ആവേശ് ഖാൻ ജയ്സ്വാളിന്‍റെ കുറ്റി തെറിപ്പിച്ചു. അവിടുന്നങ്ങോട്ട് രാജസ്ഥാന്‍റെ പതനം തുടങ്ങി. ആ ഓവറിലെ അവസാന പന്തിൽ ഇന്നലത്തെ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട ആഘാതം നൽകി ആവേശ് ഖാൻ. പിന്നീടെത്തിയ ധ്രുവ് ജുറെലും ഷിമ്റോൺ ഹെറ്റ്മയറും കഴിഞ്ഞ മത്സരത്തിലെ പോലെതന്നെ റൺ കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ കളി മുറുകി.

അവസാന ഓവറിൽ രാജസ്ഥാന് വേണ്ടിയിരുന്നത് ഒമ്പത് റൺസ്. ക്രീസിലുള്ളത് ഹെറ്റ്മയറും ജുറെലും. ഡൽഹിക്കെതിരായ സൂപ്പർ ഓവർ മത്സരത്തിന്‍റെ അതേ അവസ്ഥ. കൃത്യമായി പന്തെറിഞ്ഞ ആവേശ് ഖാൻ മത്സരം കടുപ്പിച്ചു. മൂന്നാംപന്തിൽ ഹെറ്റ്മയറിനെ ശർദുൽ താക്കൂർ സൂപ്പർ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ ശുഭം ദുബേ മൂന്ന് പന്ത് നേരിട്ടെങ്കിലും മൂന്ന് റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്. ഇതോടെ, ജയിക്കാമായിരുന്ന മത്സരത്തിൽ രാജസ്ഥാന് രണ്ട് റൺസിന്‍റെ തോൽവി.

മത്സരത്തിൽ ടോസ് നേടിയ എൽ.എസ്.ജി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എയ്ഡൻ മർക്രം (66), ആയുഷ് ബദോനി (50), അബ്ദുൽ സമദ് (30*) എന്നിവരാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രാജസ്ഥാൻ നിരയിൽ യശ്വസി ജയ്സ്വാൾ (74), റിയാൻ പരാഗ് (39), അരങ്ങേറ്റക്കാരനായ കൗമാരതാരം വൈഭവ് സൂര്യവംശി (34) എന്നിവർ മികവ് കാട്ടി.

Tags:    
News Summary - setback for Rajasthan Royals playoff expectations after loss against lsg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.