സെഞ്ച്വറിക്കരികെ പുറത്തായ പ്രോട്ടീസ് താരം ജേസൺ റൗൾസ്
ഹരാരെ: അവസാനം വരെ ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന കൗമാരപ്പോര് ജയിച്ച് അഫ്ഗാനിസ്താൻ. അണ്ടർ 19ലോകകപ്പ് ഗ്രൂപ് ഡി പോരിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനാണ് അഫ്ഗാനികൾ വീഴ്ത്തിയത്. സ്കോർ. അഫ്ഗാനിസ്താൻ 266/8, ദക്ഷിണാഫ്രിക്ക 238.
വരുംനാളുകളിൽ അഫ്ഗാൻ ക്രിക്കറ്റിന് കരുത്ത് കൂടുമെന്ന വിളംബരമായി മികച്ച കളി കെട്ടഴിച്ച യുവനിര മികച്ച ടോട്ടലുമായി പ്രോട്ടീസിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഓപണർ ഖാലിദ് അഹ്മദ് സായി, ഫൈസൽ ഷിനോസാദ, ഉസൈറുല്ലാ നിയാസായ് എന്നിവരെല്ലാം അർധ സെഞ്ച്വറി കുറിച്ച കളിയിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ടീം 266 റൺസ് എടുത്തത്.
ഓപണിങ് കൂട്ടുകെട്ടിൽ ഉസ്മാൻ സാദത്ത് നാല് റൺസുമായി നേരത്തെ മടങ്ങിയിട്ടും മൂന്നാമനായെത്തിയ ഫൈസലിനെ കൂട്ടി ഖാലിദ് ടീമിന് മികച്ച തുടക്കം നൽകി. 31 റൺസിൽ ആദ്യ വിക്കറ്റ് വീണ ടീമിന് അടുത്ത വിക്കറ്റ് നഷ്ടമാകുന്നത് 183ാം റൺസിൽ. എന്നാൽ, ഒരു റൺ പോലും അധികമെടുക്കും മുമ്പ് രണ്ട് വിക്കറ്റ് കൂടി വീണത് റണ്ണൊഴുക്കിനെ ബാധിച്ചു. ബയാൻദ മജോല, കോൺ ബോഥ എന്നിവർ ദക്ഷിണാഫ്രിക്കക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പക്ഷേ, പ്രോട്ടീസിന് തുടക്കം പാളി. ജോറിച്ച് വാൻ ഷാൽക്വികും അദ്നാൻ ലഗാഡിയനും ബുൽബുലിയയും കാര്യമായ സമ്പാദ്യമില്ലാതെ കൂടാരം കയറിയപ്പോൾ ജേസൺ റൗൾസാണ് ടീം സ്കോർ കൃത്യമായി മുന്നോട്ടുനയിച്ചത്. 93 പന്തിൽ 98 റൺസുമായി സെഞ്ച്വറിക്കരികെ റണ്ണൗട്ടായാണ് താരം മടങ്ങിയത്.
പിന്നാലെ വന്നവരും കളി കനപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അഫ്ഗാൻ ബൗളിങ്ങിന്റെ മൂർച്ചക്ക് മുന്നിൽ പ്രോട്ടീസ് സുല്ല് പറഞ്ഞു. അബ്ദുൽ അസീസ്, ഖാതിർ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.