കോഹ്‍ലിക്ക് സുരക്ഷ ഭീഷണിയെന്ന്; പരിശീലന സെഷൻ റദ്ദാക്കി ആർ.സി.ബി

അഹ്മദാബാദ്: ബംഗളൂരു റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ എലിമിനേറ്ററിന് മുന്നോടിയായുള്ള പരിശീലനവും വാർത്ത സമ്മേളനവും റദ്ദാക്കി ആർ.സി.ബി. അഹ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ചയാണ് പരിശീലന സെഷൻ നടക്കേണ്ടിയിരുന്നത്. സുരക്ഷ ഭീഷണിയെ തുടർന്ന് വാർത്ത സമ്മേളനവും ഉപേക്ഷിച്ചതായി പ്രമുഖ ബംഗാളി പത്രമായ ‘ആനന്ദബസാർ പത്രിക’ റിപ്പോർട്ട് ചെയ്തു. അതേസമയം, രാജസ്ഥാൻ റോയൽസ് ഇതേ ഗ്രൗണ്ടിൽ തന്നെ പരിശീലന സെഷനിറങ്ങിയെങ്കിലും വാർത്ത സമ്മേളനം നടത്തിയില്ല.

തീവ്രവാദ ബന്ധം സംശയിക്കുന്ന നാലുപേരെ അഹ്മദാബാദ് എയർപോർട്ടി​ൽ വെച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സംശയാസ്പദ വിഡിയോ കണ്ടെത്തിയതായും പറയുന്നു. ഭീഷണിയെ തുടർന്ന് ആർ.സി.ബി ടീം താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

അതേസമയം, സുരക്ഷ ഭീഷണിയുണ്ടെന്ന വാർത്ത ശരിയല്ലെന്നും കടുത്ത ചൂട് കാരണമാണ് ബംഗളൂരു പരിശീലന സെഷൻ ഒഴിവാക്കിയതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കുറച്ചുകൂടി വൈകി പരിശീലനത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും 6.30ന് ശേഷമേ ഫ്ലഡ്‍ലിറ്റ് സംവിധാനം ലഭ്യമാകൂ എന്നതിനാൽ റദ്ദാക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഇന്ന് നടക്കുന്ന ആർ.സി.ബി-രാജസ്ഥാൻ പോരാട്ടത്തിനും കനത്ത സുരക്ഷയായിരിക്കും ഒരുക്കുക. ഇന്ന് രാത്രി 7.30ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എലിമിനേറ്റർ പോരാട്ടം.

Tags:    
News Summary - Security threat to Kohli; RCB canceled the training session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.