ലോകകപ്പ് കാണാതെ സിംബാബ്​‍വെയും പുറത്ത്

ബുലവായോ: വെസ്റ്റിൻഡീസിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് കാണാതെ സിംബാബ്​‍വെയും പുറത്തായി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്കോട്ട്ലാൻഡാണ് അവസാന മത്സരത്തിൽ സിംബാബ്​‍വെയെ ഞെട്ടിച്ചത്. 31 റൺസിനായിരുന്നു തോൽവി.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ചാമ്പ്യൻമാരായി ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പർ സിക്സിലെത്തിയ സിംബാബ്​‍വെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ശേഷമാണ് ഇടറിവീണത്. അവസാന മത്സരങ്ങളിൽ ശ്രീലങ്കയോടും സ്കോട്ട്ലാൻഡിനോടും തോറ്റതോടെ സിംബാബ്​‍വെയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

സിംബാബ്​‍വെയിലെ ബുലവായോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് 50 ഓവറിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 41.1 ഓവറിൽ 203 റൺസിന് പുറത്താവുകയായിരുന്നു.

സിംബാബ്​‍വെയോട് ജയിച്ചതോടെ സ്കോട്ട് ലാൻഡ് ആറു പോയിന്റുമായി റൺശരാശരിയുടെ ബലത്തിൽ സൂപ്പർ സിക്സ് പട്ടികയിൽ രണ്ടാമതെത്തി. വ്യാഴാഴ്ച നടക്കുന്ന സ്കോട്ട്ലാൻഡ്- നെതർലൻഡ്സ് മത്സരം നിർണായകമാകും. നാല് പോയിന്റുള്ള നെതർലൻഡ്സ് ജയിച്ചാൽ സ്കോട്ട്ലാൻഡിനും സിംബാബ്​‍വെക്കും ഒപ്പം ആറു പോയന്റാകുമെങ്കിലും റൺശരാശരിയിൽ ഏറെ മുന്നിലുള്ള സ്കോട്ട്ലാൻഡിന് തന്നെയാണ് സാധ്യത. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. 

Tags:    
News Summary - Scotland knock Zimbabwe out to raise World Cup hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.