ലോകത്തെ ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് നടത്താൻ സൗദി അറേബ്യ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇന്ത്യൻ താരങ്ങളെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. മുൻനിര ഇന്ത്യൻ താരങ്ങളെ വിദേശ ക്രിക്കറ്റ് ലീഗുകളിലേക്ക് അയക്കില്ലെന്നാണ് ബി.സി.സി.ഐയുടെ പ്രതികരണം.
ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാഞ്ചൈസികളുടെ പങ്കാളിത്തം തടയാൻ കഴിയില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ‘നിലവിലെ ഇന്ത്യൻ കളിക്കാരൊന്നും ഒരു ലീഗിലും പങ്കെടുക്കില്ല, പക്ഷേ ഫ്രാഞ്ചൈസികളെ ഞങ്ങൾക്ക് തടയാൻ കഴിയില്ല, ഇത് അവരുടെ വ്യക്തിഗത തീരുമാനമാണ്. ഐ.പി.എൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയിലോ ദുബായിലോ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്, ഇല്ലെന്ന് പറയാൻ കഴിയില്ല. ലോകമെമ്പാടുമുള്ള ഏത് ലീഗിലും അവരുടെ ടീം ഉണ്ടാകണമോയെന്ന് തീരുമാനിക്കുന്നത് അവരാണ്’ -ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫുട്ബാളിനു പിറകെ ക്രിക്കറ്റിലും വലിയ മോഹങ്ങളുമായി സൗദി എത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ലോകത്തെ ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് രാജ്യത്ത് നടത്തുന്നത് സംബന്ധിച്ച് ഐ.പി.എൽ സംഘാടകരുമായി അധികൃതർ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ക്രിക്കറ്റിൽ സൗദിക്ക് താൽപര്യമുള്ളതായി നേരത്തെ ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർെക്ലയും സൂചിപ്പിച്ചിരുന്നു.
ക്രിക്കറ്റിൽ രാജ്യത്തിന് വിലാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ കഴിഞ്ഞ മാസം അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലും അറിയിച്ചതാണ്. സ്വദേശികൾക്ക് മാത്രമല്ല, രാജ്യത്തെ പ്രവാസികൾക്കും പങ്കാളികളാകാൻ കഴിയുന്ന ആഗോള ക്രിക്കറ്റ് വേദിയായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഏഷ്യ കപ്പ് മത്സരങ്ങളോ ഐ.പി.എല്ലിൽ ഒരു റൗണ്ട് മത്സരങ്ങളോ രാജ്യത്ത് നടത്തുന്നതും പദ്ധതികളുള്ളതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.