ദുബൈ: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനുശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വസീം അക്രം ഉൾപ്പെടെ പല മുൻ താരങ്ങളും മത്സരത്തെ കുറിച്ച് അഭിപ്രായവുമായി എത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ കെ.എല്‍ രാഹുലിന് പകരം സഞ്ജു സാംസണ് അവസരം നൽകേണ്ടിയിരുന്നെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.
''രാഹുല്‍ വലിയൊരു പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയതേയുള്ളൂ. അതിനുശേഷം സിംബാബ്‌വെ പര്യടനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ഇപ്പോൾ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുകയാണ്. രാഹുല്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുലിന് പകരം സഞ്ജുവിനെപ്പോലെ പ്രതിഭാധനനായ ഒരു കളിക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു. മികച്ച ഫോമിലുമാണ് സഞ്ജു. ടീമില്‍ വന്നും പോയും ഇരുന്ന സഞ്ജുവിന് ഇപ്പോള്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നത് രാഹുല്‍ ദ്രാവിഡ് പരിശീലകനായതുകൊണ്ടാണ്. കാരണം സഞ്ജുവിനെ ദ്രാവിഡിന് അടുത്തറിയാം. പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിനറിയാം'' -കനേരിയ ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
രാഹുലിന് ഫോമിലേക്ക് മടങ്ങാന്‍ ആവശ്യമായ സമയം നല്‍കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം, രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. അയാളെ ഒഴിവാക്കിയിരുന്നെങ്കില്‍ അത് മാധ്യങ്ങളില്‍ വലിയ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊക്കെ വഴിവെക്കുമായിരുന്നു. പക്ഷെ, ക്രിക്കറ്റിന്‍റെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിന് പകരം എന്തുകൊണ്ടും സഞ്ജു സാംസണായിരുന്നു അനുയോജ്യനെന്നും കനേരിയ വ്യക്തമാക്കി.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസണ്‍ രണ്ട് മത്സരങ്ങളില്‍ 58 റണ്‍സടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ 39 പന്തില്‍ പുറത്താകാതെ 43 റണ്‍സടിച്ച് കളിയിലെ താരമായിരുന്നു. മൂന്നാം മത്സരത്തില്‍ 13 പന്തിൽ 15 റണ്‍സെടുത്ത് പുറത്തായി. ടൂർണമെന്റിലുടനീളം വിക്കറ്റ് കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.