കോഴിക്കോട്: ന്യൂസിലാൻഡ് എ ടീമിനെതിരായ മൂന്നു ഏകദിനങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ സോളോ ട്രിപ്പിനിറങ്ങി മലയാളി താരം സഞ്ജു സാംസൺ.
സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ എ ടീം ആധികാരിക വിജയം സ്വന്തമാക്കിയത്. സോളോ ട്രിപ്പിന് പോകുന്ന കാര്യം സഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ആളുകൾ ബാഗ് പാക്ക് ചെയ്തു റോഡിലേക്ക് ഇറങ്ങണമെന്ന് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചു.
ഇതോടൊപ്പം ബാഗ് പാക്ക് ചെയ്ത് യാത്രക്ക് പുറപ്പെടാനിരിക്കുന്ന ചിത്രവും ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിന് താഴെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്‍ക്‌വാദ് 'തലൈവ' എന്ന കമന്‍റിട്ടത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഗെയ്‍ക്‌വാദും കളിച്ചിരുന്നു.
കോഴിക്കോട് ബീച്ചിൽനിന്നുള്ള സഞ്ജുവിന്റെ വിഡിയോ താരത്തിന്റെ സുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 16ന് ആസ്ട്രേലിയ വേദിയാകുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. പിന്നാലെ സഞ്ജുവിന് പിന്തുണയുമായി ആരാധകരും താരങ്ങളും രംഗത്തുവന്നിരുന്നു.
ഇതിനിടെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനപരമ്പരയിൽ സഞ്ജു കളിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചത്. ലോകകപ്പ് മുൻനിർത്തി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിനാൽ സഞ്ജു പരമ്പരയിൽ വൈസ് ക്യാപ്റ്റനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.