സഞ്ജു സാംസൺ

'പ്രൗഡ് ഓഫ് യൂ ചേട്ടാ...'ട്വിറ്ററിൽ ട്രെൻഡിങ്ങായി സഞ്ജു സാംസൺ

യർലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 41 പന്തിൽ 77 റൺസടിച്ച് കരു​ത്തുകാട്ടിയ മലയാളി താരം  സഞ്ജു സാംസണിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. ലഭ്യമായ ഒറ്റപ്പെട്ട അവസരങ്ങളിൽ ഇതിന് മുമ്പ് തിളങ്ങാൻ കഴിയാതെ പോയ നിരാശകളെ ഇക്കുറി സഞ്ജു ബൗണ്ടറി കടത്തി. വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങളിൽ തിളങ്ങുന്നി​ല്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജുവിന് ​ഇന്ത്യൻ ടീമിൽ ഇടം കൊടുക്കാതെ പോകുന്ന പതിവുരീതിയാണ് ഇക്കുറി അയർലൻഡിലും കണ്ടത്. ഇത്തവണ ഐ.പി.എല്ലിൽ തകർപ്പൻ ഫോം കെട്ടഴിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് ആദ്യ ട്വന്റി20യിൽ അവരം ലഭിച്ചിരുന്നില്ല.

രണ്ടാം മത്സരത്തിൽ ഓപണറായി പാഡുകെട്ടാൻ ലഭിച്ച അവസരം ഉജ്വലമായിത്തന്നെ മുതലെടുത്ത സഞ്ജു സെഞ്ച്വറി നേടിയ ദീപക് ഹൂഡക്കൊപ്പം ചേർന്ന് ഇന്ത്യയുടെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിലാണ് പങ്കാളിയായത്. ഒമ്പതു ഫോറും നാലു സിക്സറുകളുമടങ്ങിയതായിരുന്നു സഞ്ജുവി​ന്റെ തകർപ്പൻ ഇന്നിങ്സ്.


ഈ പ്രകടനത്തിനു​പിന്നാലെ ട്വിറ്ററിൽ സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി മാറി. സഞ്ജുവിനെ തഴയുന്ന സെലക്ടർമാരുടെ പതിവുതന്ത്രങ്ങളെ വിമർശിക്കുന്നവയായിരുന്നു ട്വീറ്റുകളിലേറെയും...നിരവധി മലയാളി ആരാധകരാണ് സഞ്ജുവിനോടുള്ള സ്നേഹം ട്വീറ്റ് ചെയ്തത്. 'പ്രൗഡ് ഓഫ് യൂ ചേട്ടാ...' എന്നായിരുന്നു ഒരാളുടെ കമന്റ്. മലയാളത്തിൽ പലരും സഞ്ജുവിന്റെ ഇന്നിങ്സിനെ വാഴ്ത്തി. കളിക്ക് തൊട്ടുമുമ്പ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചാനലിന് നൽകിയ പ്രതികരണത്തിൽ സഞ്ജുവിന്റെ പേര് പറഞ്ഞതോടെ സ്റ്റേഡിയത്തിൽ കരഘോഷം നിറയുന്ന ദൃശ്യങ്ങളും പലരും ട്വീറ്റ് ചെയ്തു.


മത്സരത്തിൽ അയർലൻഡ് വിറപ്പിച്ചെങ്കിലും ഒടുവിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 20 ഓവറിൽ 225 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയിട്ടും അയർലൻഡ് ശൗര്യത്തോടെ തിരിച്ചടിച്ചപ്പോൾ ഇന്ത്യ കഷ്ടിച്ച് നാലു റൺസിന് ജയിച്ച കളിയിൽ ഉദ്വേഗം അവസാന പന്തു വരെ നീണ്ടു.


57 പന്തിൽ ഒമ്പത് ബൗണ്ടറിയും ആറ് സിക്സുമടക്കം 104 റൺസ് നേടി ഹൂഡ ടോപ് സ്കോററായി. സഞ്ജുവും ഹൂഡയും രണ്ടാം വിക്കറ്റിൽ 87 പന്തിൽ 176 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യയുടെ ട്വന്‍റി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. 2017ൽ ശ്രീലങ്കക്കെതിരെ രോഹിത് ശർമയും കെ.എൽ. രാഹുലും നേടിയ 165 റൺസ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. ട്വന്‍റി20യിൽ രണ്ടാം വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതുതന്നെ. 




Tags:    
News Summary - Sanju Samson Trending In Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.