‘വാട്ട് എ ക്യാച്ച്...’; പൃഥ്വി ഷായെ ഡൈവിങ്ങിൽ ഒറ്റ കൈയിലൊതുക്കി സഞ്ജു സാംസൺ -വിഡിയോ

ഗുവാഹത്തി: വിക്കറ്റിനു പിന്നിൽ തകർപ്പൻ ക്യാച്ചുമായി വീണ്ടും സഞ്ജു സാംസൺ. ഐ.പി.എല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും രാജസ്ഥാൻ നായകന്‍റെ ഡൈവിങ് ക്യാച്ച് ആരാധകരെ കൈയിലെടുത്തു.ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്. ട്രെൻ‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി ഷാ മടങ്ങി. ബോൾട്ടിന്‍റെ ഒന്നാംതരം ഔട്ട്സ്വിങ്ങറിലാണ് ഷാ പുറത്തായത്. വലത്തോട്ട് ഡൈവ് ചെയ്ത സഞ്ജു പന്ത് ഒറ്റ കൈയിലൊതുക്കി.

തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോള്‍ട്ട് ഡൽഹിയെ വിറപ്പിച്ചു. ബാറ്റിങ്ങിൽ നാലു പന്തുകൾ നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. കുൽദീപ് യാദവിന്റെ പന്തിൽ സഞ്ജു സിക്സിനു ശ്രമിച്ചതാണ് പാളിയത്. ഉയർന്നുപൊങ്ങിയ പന്ത് ഫീൽഡർ ആൻറിച് നോർജെ കൈയിലൊതുക്കി. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 199 റൺസെടുത്തു.

ഓപ്പണർമാരായ യശ്വസി ജയ്സ്‍വാളിന്‍റെയും ജോസ് ബട്‍ലറുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ജയ്സ്‍വാളും ബട്‍ലറും മിന്നുന്ന തുടക്കം നൽകി. നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചെടുത്തത് 8.3 ഓവറിൽ 98 റൺസ്. 31 പന്തിൽ 60 റൺസെടുത്ത ജയ്സ്‍വാൾ മുകേഷ് കുമാറിന്‍റെ പന്തിൽ പുറത്തായി.

ബട്‍ലർ 51 പന്തിൽ 79 റൺസെടുത്തു. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മുകേഷ് കുമാർ തന്നെയാണ് ബട്‍ലറെയും പുറത്താക്കിയത്. സഞ്ജു റണ്ണൊന്നും എടുക്കാതെ മടങ്ങി. കുൽദീപ് യാദവിന്‍റെ പന്തിൽ ആൻറിച് നോർജെ കൈയിലൊതുക്കി. റിയാൻ പരാഗ് (11 പന്തിൽ ഏഴ് റൺസ്) പുറത്തായ മറ്റൊരു താരം.

21 പന്തിൽ 39 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മെയറും മൂന്നു പന്തിൽ എട്ടു റൺസുമായി ധ്രുവ് ജുറേലും പുറത്താകാതെ നിന്നു. ഡൽഹിക്കായി മുകേഷ് കുമാർ രണ്ടു വിക്കറ്റും കൂൽദീപ് യാദവ്, റോവ്മാൻ പവൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Tags:    
News Summary - Sanju Samson single-handedly catch against delhi capitals match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.