ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ടീം മാനേജ്മെന്‍റിനെതിരെ മുൻ താരങ്ങളും ആരാധകരും ഇതിനകം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
ബി.സി.സി.ഐയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം ആരാധകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ടീമിലുള്ളത്. എന്നാൽ, പന്തിന് പകരം സഞ്ജുവിനെ ടീമിൽ പരിഗണിക്കേണ്ടതായിരുന്നുവെന്ന് മുൻ പാക് ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ പറയുന്നു.
ലോകകപ്പിലേക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനേരിയ സഞ്ജുവിനെ പിന്തുണച്ച് രംഗത്തുവന്നത്. ഏഷ്യ കപ്പിലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. 'സഞ്ജു സാംസണെ പോലെയുള്ള ഒരാളോട് കാണിക്കുന്നത് അനീതിയാണ്. അദ്ദേഹത്തെ ട്വന്‍റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നാട്ടിൽ നടന്ന പരമ്പരകളിലും അദ്ദേഹത്തെ അവഗണിച്ചു. ഞാനാണെങ്കിൽ ഋഷഭ് പന്തിന് പകരം സാംസണെ ഉൾപ്പെടുത്തുമായിരുന്നു' -കനേരിയ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കൂടാതെ, സ്റ്റാൻഡ് ബൈ താരമായി ഉംറാൻ മാലിക്കിനെയും ഉൾപ്പെടുത്തണമായിരുന്നു. അതിവേഗത്തിൽ പന്തെറിയുന്ന ഒരു താരത്തോടൊപ്പം ഇന്ത്യൻ ബാറ്റർമാർക്ക് പരിശീലനം നടത്താൻ അവസരം ലഭിക്കുമായിരുന്നു. നായകൻ രോഹിത് ശർമയുടെയും കെ.എൽ. രാഹുലിന്‍റെയും ഫോം ഇന്ത്യൻ ടീമിനെ ഏറെ നിർണായകമാണ്. വിരാട് കോഹ്ലി ഫോമിലേക്ക് ഉയർന്നു. രോഹിത്തും രാഹുലും വലിയ സ്കോർ കണ്ടെത്തണമെന്നും കനേരിയ കൂട്ടുച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.