എഡിൻബറോ: ലോക ക്രിക്കറ്റിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ ഇനി ഒരു ടൂർണമെന്റിൽ തന്നെ ഒന്നിലധികം തവണ കാണാൻ അവസരമൊരുങ്ങുന്നു. അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് 2012 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ കളിക്കാറില്ല. അതുകൊണ്ടുതന്നെ ഐ.സി.സി ടൂർണമെന്റുകളിലെ ഇന്ത്യ-പാക് പോരാട്ടം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് എക്കാലവും വലിയ ആവേശമാണ്.
സംപ്രേക്ഷണ വരുമാനത്തിന്റെ കാര്യത്തിലും ഈ മത്സരം തന്നെയാണ് ഐ.സി.സിയുടെ പ്രധാന ആശ്രയം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 2027 ഏകദിന ലോകകപ്പിലെയും 2028 ടി20 ലോകകപ്പിലെയും പുതിയ ഫോർമാറ്റ് പ്രാബല്യത്തിൽ വരുന്നതോടെ ഇരു ടീമുകളും തമ്മിൽ ഒന്നിലധികം തവണ ഏറ്റുമുട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്.
പുതിയ നിയമപ്രകാരം 2027-ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ചുരുങ്ങിയത് രണ്ട് തവണയെങ്കിലും നേർക്കുനേർ വരാൻ സാധ്യതയുണ്ട്. പതിവ് പോലെ ആദ്യ റൗണ്ടിൽ ഇരു ടീമുകളെയും ഐ.സി.സി ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയാൽ അവിടെ വെച്ച് ആദ്യ പോരാട്ടം നടക്കും. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഈ രണ്ട് മുൻനിര ടീമുകളും അടുത്ത റൗണ്ടായ 'സൂപ്പർ 7'-ലേക്ക് അനായാസം യോഗ്യത നേടും.
സൂപ്പർ 7 റൗണ്ടിൽ എത്തുന്ന ഏഴ് ടീമുകളും പരസ്പരം ഏറ്റുമുട്ടേണ്ടതിനാൽ ഇന്ത്യയും പാകിസ്താനും വീണ്ടും കളിക്കളത്തിൽ മുഖാമുഖം വരും. ഇതിന് പുറമെ ഇരു ടീമുകളും സെമി ഫൈനലിലോ ഫൈനലിലോ കടക്കുകയാണെങ്കിൽ പോരാട്ടങ്ങളുടെ എണ്ണം ഇനിയും വർധിക്കും. ചുരുക്കത്തിൽ ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് ആരാധകർക്ക് ആവേശം ഇരട്ടിയാകുമെന്ന് ഉറപ്പാണ്.
2028-ലെ ടി20 ലോകകപ്പിലും സമാനമായ രീതിയിൽ ഒന്നിലധികം ഇന്ത്യ-പാക് മത്സരങ്ങൾക്ക് കളമൊരുങ്ങാൻ സാധ്യതയേറെയാണ്. 20 ടീമുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിക്കുന്ന ആദ്യ റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയാലും ഇല്ലെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ നേർക്കുനേർ വരാൻ നിരവധി അവസരങ്ങളുണ്ട്.
ആദ്യ റൗണ്ടിലെ മികച്ച രണ്ട് ടീമുകൾ യോഗ്യത നേടുന്ന 'സൂപ്പർ 10' ഘട്ടത്തിൽ ടീമുകളെ തരംതിരിക്കുന്നത് അതാത് സമയത്തെ ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതനുസരിച്ച് ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ വരാൻ സാധ്യതയുണ്ട്.
അഥവാ രണ്ട് ഗ്രൂപ്പുകളിലായി പോയാൽ പോലും, ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ ഐ.പി.എൽ മാതൃകയിലുള്ള 'എലിമിനേറ്റർ' പോരാട്ടത്തിലും ഇന്ത്യയും പാകിസ്താനും കൊമ്പുകോർക്കും. ടൂർണമെന്റിലെ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ച് സെമി ഫൈനലിലോ ഫൈനലിലോ ഇരുവരും വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യതയും ഈ പുതിയ ഫോർമാറ്റ് തുറന്നിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.