ഐ.സി.സി ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ മാറ്റം; പുതിയ നിയമങ്ങൾ ഇങ്ങനെ
ലോക ക്രിക്കറ്റിലെ മെഗാ ടൂർണമെന്റുകളായ പുരുഷ ഏകദിന, ടി20 ലോകകപ്പുകളുടെ ഘടന അടിമുടി പരിഷ്കരിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). എഡിൻബറോയിൽ ചേർന്ന ഐ.സി.സി വാർഷിക യോഗത്തിലാണ് മത്സരങ്ങളുടെ ആവേശം വർധിപ്പിക്കാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. കൂടുതൽ റൗണ്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇരു ടൂർണമെന്റുകളിലും വൻ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
ഏകദിന ലോകകപ്പിൽ ഇനി മുതൽ 'സൂപ്പർ 7' പോരാട്ടങ്ങളാകും പ്രധാന ആകർഷണം. വരാനിരിക്കുന്ന 2027 ലോകകപ്പിൽ ആകെ 14 ടീമുകൾ പങ്കെടുക്കുമെങ്കിലും ടൂർണമെന്റ് നാല് ഘട്ടങ്ങളിലായാണ് നടക്കുക. റാങ്കിങ്ങിൽ പിന്നിലുള്ള 12, 13, 14 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകൾ തമ്മിൽ ആദ്യം ഏറ്റുമുട്ടുന്ന 'സൂപ്പർ സീരീസ്' റൗണ്ടാണ് ആദ്യ ഘട്ടം. ഇതിലെ വിജയി റൗണ്ട് 2-ലേക്ക് യോഗ്യത നേടും. ഇവിടെ യോഗ്യത നേടിയ ഒരു ടീമും മറ്റ് 11 ടീമുകളും ഉൾപ്പെടെ ആകെ 12 ടീമുകൾ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും.
ഈ രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരും, ഇരു ഗ്രൂപ്പുകളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അടുത്ത മികച്ച ടീമും ഉൾപ്പെടെ ആകെ 7 ടീമുകളാണ് പിന്നീട് 'സൂപ്പർ 7' റൗണ്ടിലേക്ക് മുന്നേറുക. ഈ റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുകയും ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഇതോടെ ആകെ മത്സരങ്ങളുടെ എണ്ണം 48-ൽ നിന്ന് 57 ആയി ഉയരും.
ട്വന്റി-20 ലോകകപ്പ് ഫോർമാറ്റിലും വൻ മാറ്റങ്ങളാണ് ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലെ നിലവിലുള്ള 'സൂപ്പർ 8' ഘട്ടത്തിന് പകരം 'സൂപ്പർ 10' സംവിധാനം നിലവിൽ വരും. ആദ്യ റൗണ്ടിൽ പങ്കെടുക്കുന്ന 20 ടീമുകളെ നാല് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായിട്ടാണ് തിരിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തുടർന്ന് യോഗ്യത നേടുന്ന പത്ത് ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഈ രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യന്മാർ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ, ശേഷിക്കുന്ന രണ്ട് സെമി സ്ഥാനക്കാരെ കണ്ടെത്താൻ ഐ.പി.എൽ മാതൃകയിൽ എലിമിനേറ്റർ മത്സരങ്ങൾ നടത്തും. ഓരോ ഗ്രൂപ്പിലെയും രണ്ടാമതെത്തുന്ന ടീമുകൾ എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായാണ് എലിമിനേറ്ററിൽ ഏറ്റുമുട്ടുക. ഇതിൽ വിജയിക്കുന്നവർ സെമി ഫൈനലിലെത്തും.
ഭാവിയിലെ ലോകകപ്പ് യോഗ്യതാ ഘടനയിലും ഐ.സി.സി ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 2028 ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ബംഗ്ലാദേശിന് പകരം അവസാന നിമിഷം ടൂർണമെന്റിലെത്തിയ സ്കോട്ട്‌ലൻഡിന് ഇത്തവണ യൂറോപ്പ് റീജിയണൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. നേരിട്ട് യോഗ്യത നേടാൻ സാധിക്കാത്ത ഇതര ടീമുകൾക്ക് ഗ്ലോബൽ ക്വാളിഫയർ കളിച്ച് യോഗ്യത നേടേണ്ടി വരും. കൂടാതെ, അസോസിയേറ്റ് രാജ്യങ്ങളുടെ മത്സര നിലവാരം ഉയർത്തുന്നതിനായി 16 ടീമുകൾ പങ്കെടുക്കുന്ന പുതിയൊരു ആഗോള ടൂർണമെന്റിനും ഐ.സി.സി ഭരണസമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡെവലപ്‌മെന്റ് കമ്മിറ്റിയും ശുപാർശ ചെയ്ത ഈ പരിഷ്കാരങ്ങൾക്ക് ഐ.സി.സി ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. എങ്കിലും, ഈ വർഷം നവംബറിൽ നടക്കുന്ന ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് കമ്മിറ്റിയുടെ അന്തിമ അവലോകനത്തിന് ശേഷമേ ഈ തീരുമാനങ്ങൾ ഔദ്യോഗികമായി നിയമപുസ്തകത്തിൽ ഇടംപിടിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.