മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ ആരും കൊതിക്കുന്ന അരങ്ങേറ്റം! ആസ്ട്രേലിയക്കായി 19കാരൻ സാം കോൺസ്റ്റാസ് ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. ബോക്സിങ് ഡേ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്.
നാലാം ടെസ്റ്റിനുള്ള ആസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനിൽ കോൺസ്റ്റാസ് ഇടംനേടിയതു മുതൽ താരത്തിന്റെ പ്രകടനം കാണാന്‍ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ ഭയമില്ലെന്ന് താരം വെറുതെ പറഞ്ഞതല്ല, അത് കളത്തിൽ കാണിച്ചു തന്നു. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളായ ബുംറയെ ഒട്ടും ഭയമില്ലാതെയാണ് താരം നേരിട്ടത്. ആദ്യ മൂന്നു ടെസ്റ്റുകളിലും ഓസീസിന് തലവേദന സൃഷ്ടിച്ചത് ബുംറയുടെ ബൗളിങ്ങായിരുന്നു.
എന്നാൽ, ബുംറയെ വിറപ്പിച്ചാണ് യുവതാരം ബാറ്റുവീശിയത്. ആദ്യ ഓവറില്‍ ബുംറയുടെ പന്തുകൾ ശ്രദ്ധയോടെ നേരിട്ടെങ്കിലും പിന്നീടങ്ങോട്ട് കണ്ടത് കോൺസ്റ്റാസിന്‍റെ അഴിഞ്ഞാട്ടമാണ്. മത്സരത്തിന്‍റെ ഏഴാം ഓവറിൽ ബുംറ 19കാരന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം, രണ്ടാം പന്ത് സിക്സും പറത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി. 2021നുശേഷം ടെസ്റ്റിൽ ബുംറയുടെ പന്തിൽ ആദ്യമായാണ് ഒരുതാരം സിക്സടിക്കുന്നത്. അതും ഒരു അരങ്ങേറ്റക്കാരൻ.
കാമറൂൺ ഗ്രീനാണ് ഇതിനു മുമ്പ് ടെസ്റ്റിൽ ബുംറയുടെ പന്തിൽ സിക്സ് നേടിയത്. ഏഴാം ഓവറിലെ അഞ്ചാം പന്തും താരം ബൗണ്ടറി കടത്തി. മൊത്തം ആ ഓവറിൽ 14 റൺസാണ് താരം നേടിയത്. ബുംറ നാലു വർഷത്തിനിടെ ടെസ്റ്റിൽ 4448 പന്തുകൾ എറിഞ്ഞെങ്കിലും ഒരാൾക്കുപോലും സിക്സ് നേടാൻ കഴിഞ്ഞിരുന്നില്ല. 11ാം ഓവറിലും ബുംറ യുവതാരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഒരു സിക്സും രണ്ടു ഫോറുമടക്കം 18 റൺസാണ് താരം അടിച്ചെടുത്തത്.
ഇന്ത്യൻ ബൗളർമാരുടെ പന്തുകളിൽ സാഹസിക ഷോട്ടുകള്‍ ഉള്‍പ്പെടെ അനായാസം കളിച്ച താരം 53 പന്തിലാണ് അർധ സെഞ്ച്വറിയിലെത്തിയത്.
ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുന്ന ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത കോന്‍സ്റ്റാസ് ബുംറയെയും ഇന്ത്യൻ താരങ്ങളെയും ശരിക്കും ഞെട്ടിച്ചുവെന്ന് തന്നെ പറയാം. ആസ്‌ട്രേലിയയില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ബുംറ. 21 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും.
താരത്തിന്‍റെ ടെസ്റ്റ് ചരിത്രം നോക്കുമ്പോള്‍ രണ്ട് സിക്‌സുകള്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ഈ റെക്കോഡാണ് അരങ്ങേറ്റക്കാരൻ തകർത്തത്. റിവേഴ്‌സ് സ്‌കൂപ്പിലൂടെയാണ് രണ്ട് സിക്‌സുകളും നേടിയത്. ഈ പരമ്പരയില്‍ ഓസീസിന് ലഭിച്ച ഏറ്റവും മികച്ച തുടക്കമാണ് മെല്‍ബണിലേത്. 65 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജദേജ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് മടക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്. ഉസ്മാൻ ഖ്വാജ (113 പന്തിൽ 53), മാർനസ് ലബുഷെയ്ൻ (56 പന്തിൽ 23) എന്നിവരാണ് ക്രീസിൽ. നേരത്തെ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നത്. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.