അഹ്മദാബാദ്: ടോപ് ഓർഡർ ബാറ്റർമാരുടെ മികച്ച ഫോമിന്‍റെ കരുത്തിലാണ് ഐ.പി.എല്ലിന്‍റെ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് വിജയക്കുതിപ്പ് തുടരുന്നത്. കളിച്ച 11ൽ എട്ട് മത്സരങ്ങളിലും ജയിച്ചാണഅ ടൈറ്റൻസി മുന്നേറുന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ഒപ്പം ഓപണറായെത്തുന്ന സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവരാണ് ഗുജറാത്തിന് ടൂർണമെന്റിൽ കരുത്തുപകരുന്നത്.
ഇവരിൽ സായ് സുദർശനാണ് കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായ ബാറ്റിങ് സമീപനവുമായി കളംനിറയുന്നത്. 23കാരനായ ഇടംകൈയൻ ബാറ്റർ 11 മത്സരങ്ങളിൽ 153.51 പ്രഹരശേഷിയിൽ 509 റൺസാണ് അടിച്ചെടുത്തത്. കഴിഞ്ഞ സീസണിൽ മധ്യനിരയിലായിരുന്നതിനാൽ തനിക്ക് സ്വതസിദ്ധമായ ബാറ്റിങ് ശൈലി പുറത്തെടുക്കുന്നതിൽ പരിമിതി ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
“കഴിഞ്ഞ സീസണിൽ ഞാൻ കുറച്ച് പതിയെ ആണ് കളിച്ചിരുന്നത്. പിച്ചുകളും സാഹചര്യവും വ്യത്യസ്തമായിരുന്നു. ഞങ്ങൾക്ക് നല്ല തുടക്കം കിട്ടിയിരുന്നില്ല. സ്വയം കുറച്ച് മാറ്റങ്ങൾ വരുത്തണമെന്ന് എനിക്ക് തോന്നി. ബാറ്റിങ്ങിൽ സാങ്കേതികമായി ഒന്നും മാറ്റിയില്ല. പക്ഷേ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനുള്ള മൈൻഡ് സെറ്റ് ഉണ്ടാക്കി. ഏതാനും പന്തുകൾ നേരിട്ടാൽ പിന്നീട് വമ്പനടികൾ ആകാമെങ്കിൽ, തുടക്കം മുതൽ അതാകാമല്ലോ എന്ന ചിന്ത. ആ രീതിയിൽ പരിശീലിച്ചു. അതിന്‍റെ റിസൾട്ട് ഇത്തവണ ഗ്രൗണ്ടിൽ പ്രതിഫലിപ്പിക്കാനായി” -സായ് സുദർശൻ പറഞ്ഞു.
സീസണിൽ 509 റൺസുമായി റൺവേട്ടയിൽ രണ്ടാമതാണ് സായി സുദർശൻ. 510 റൺസടിച്ച സൂര്യകുമാർ യാദവാണ് ഒന്നാമത്. അതേസമയം പോയിന്‍റ് ടേബിളിൽ രണ്ടാമതുള്ള ടൈറ്റൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.