വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന കരുൺ നായറെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ഡുൽക്കർ. വിജയ് ഹസാരെ ട്രോഫി ഈ സീസണിൽ വിദർഭക്കായി ഏഴ് മത്സരം കളിച്ച കരുൺ അഞ്ച് സെഞ്ച്വറിയുൾപ്പടെ 752 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇങ്ങനെ ബാറ്റ് ചെയ്യുന്നത് സാധാരാണമല്ലെന്നും പെട്ടെന്ന് ഉണ്ടാകുന്നതല്ലെന്നും സച്ചിൻ ടെണ്ഡുൽക്കർ പറഞ്ഞു. എക്സിലാണ് സച്ചിൻ കരുൺ നായറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
'ഏഴ് ഇന്നിങ്സിൽ നിന്നും അഞ്ച് സെഞ്ച്വറിയുൾപ്പടെ 752 റൺസ് നേടുക, ഇതിനെ അസാധാരണം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇതുപോലുള്ള പ്രകടനങ്ങൾ വെറുതെയങ്ങ് സംഭവിക്കുന്നതല്ല, കഠിനാധ്വാനത്തിലൂടെ മാത്രം പിറവിയെടുക്കുന്നതാണ്. ലഭിക്കുന്ന ഓരോ അവസരങ്ങളും മികച്ച രീതിയിൽ വിനിയോഗിച്ച് ശക്തമായി മുമ്പോട്ട് പോവുക,' സച്ചിൻ കുറിച്ചു.
ഈ ടൂർണമെന്‍റിൽ കളിച്ച് ഏഴ് ഇന്നിങ്സിൽ ആറെണത്തിലും കരുണിനെ പുറത്താക്കാൻ എതിർ ടീം ബൗളർമാർക്ക് സാധിച്ചിട്ടില്ല. 752 ശരാശരിയിലാണ് കരുൺ നായർ ടൂർണമെന്‍റിൽ ബാറ്റ് ചെയ്യുന്നത്. . ഏഴ് ഇന്നിങ്സുകളിൽ 112, 44, 163,111, 112, 122, 88 എന്നിങ്ങനെയാണ് കരുണിന്‍റെ സ്കോർ. ഇന്നാണ് വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ നടക്കുക. റൺമെഷീനായി മാറിയ കരുണിന്‍റെ വിദർഭ നേരിടുക അദ്ദേഹത്തിന്‍റെ മുൻ ടീമായ കർണാടകയെയാണ്. ശക്തമായ ടീമുകൾ ഏറ്റുമുട്ടുന്ന വിജയ് ഹസാരെ ട്രോഫി ഫൈനലിൽ തീപാറുമെന്നുറപ്പാണ്.
ബാറ്റൺ കൈമാറ്റത്തിന് ഇന്ത്യൻ ടീമിന് സമയമായെന്ന് കണക്കാക്കുന്ന ഈ സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ എങ്കിലും കരുൺ നായർ ഒരു അവസരം കൂടി അർഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ പ്രകടനം വിളിച്ചുപറയുന്നു. എട്ട് വർഷം മുമ്പാണ് കരുൺ ഇന്ത്യക്കായി അവസാനമായി പാഡുകെട്ടിയത്. ഇന്ത്യൻ ടീമിന്‍റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഓപ്പണിങ് ബാറ്ററായ വിരേന്ദർ സേവാഗിന് ശേഷം ത്രിപ്പിൾ സെഞ്ച്വറി എന്ന ചരിത്ര നേട്ടം കുറിച്ച ഏക ബാറ്റർ കരുണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.