വിക്കറ്റുനേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ
ബംഗളൂരു: പെരുമഴക്കു പിന്നാലെ ഓവറുകൾ വെട്ടിക്കുറച്ച മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ബാറ്റിങ് തകർച്ച. 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാറ്റർമാരെ പഞ്ചാബ് ബൗളർമാർ 95 റൺസിൽ തളച്ചു. അർധ സെഞ്ച്വറി നേടിയ ടിം ഡേവിഡാണ് (50*) ടോപ് സ്കോറർ. ഒമ്പത് വിക്കറ്റ് വീണ ആർ.സി.ബി ഇന്നിങ്സിൽ, ഡേവിഡിനെ കൂടാതെ ക്യാപ്റ്റൻ രജത് പാടിദാർ മാത്രമാണ് രണ്ടക്കം കടന്നത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, മാർകോ യാൻസൻ, യുസ്വേന്ദ്ര ചഹൽ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ്, ആർ.സി.ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽതന്നെ ആതിഥേയർക്ക് ഓപണർ ഫിൽ സാൾട്ടിനെ (4) നഷ്ടമായി. ഒറ്റ റൺ മാത്രം നേടിയ സൂപ്പർ താരം വിരാട് കോഹ്ലി മാർകോ യാൻസന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അർഷ്ദീപ് സിങ്ങിനാണ് രണ്ട് വിക്കറ്റും. ലയാം ലിവിങ്സ്റ്റൻ (4), ജിതേഷ് ശർമ (2), കൃണാൽ പാണ്ഡ്യ (1) എന്നിവർ നിലയുറപ്പിക്കാനാകാതെ കൂടാരം കയറി. ഇതോടെ സ്കോർ 5.5 ഓവറിൽ അഞ്ചിന് 33 എന്ന നിലയിലായി.
18 പന്തിൽ 23 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാടിദാർ എട്ടാം ഓവറിൽ പുറത്തായി. ഇംപാക്ട് പ്ലെയറായെത്തിയ മനോജ് ഭണ്ഡാകെ (1) തൊട്ടടുത്ത ഓവറിൽ വീണതോടെ സ്കോർ ഏഴിന് 42 എന്ന നിലയിലായി. പിന്നീടൊന്നിച്ച ടിം ഡേവിഡും ഭുവനേശ്വർ കുമാറും ചേർന്ന് സ്കോർ 60 കടത്തി. എട്ട് റൺസടിച്ച ഭുവനേശ്വറിനെ ഹർപ്രീത് ബ്രാർ, ബാർട്ലറ്റിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ യഷ് ദയാലിനെയും മടക്കി ബ്രാർ ആർ.സി.ബിയെ ഞെട്ടിച്ചു. അവസാന ഓവറുകളിൽ ഹെയ്സൽവുഡിനെ ഒരറ്റത്ത് സാക്ഷിയാക്കി നിർത്തി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടോടെ സ്കോർ 90 കടന്നു. 26 പന്ത് നേരിട്ട ഡേവിഡ്, അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസ് നേടി പുറത്താകാതെനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.