‘തീര്‍ത്തും നിരാശനാണ്, എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്...’; 12 വർഷം മുമ്പത്തെ രോഹിത്തിന്‍റെ ട്വീറ്റ് വൈറൽ

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെ തോൽപിച്ച് ആതിഥേയരായ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നു. സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെയും ശ്രേയസ്സ് അയ്യരുടെയും സെഞ്ച്വറിയും പേസർ മുഹമ്മദ് ഷമിയുടെ ഏഴു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് 70 റൺസിന്‍റെ വിജയം സമ്മാനിച്ചത്.

ലോകകപ്പിൽ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ബാറ്റർമാരുടെയും ബൗളർമാരുടെയും ഓൾ റൗണ്ട് പ്രകടനത്തിനൊപ്പം രോഹിത്തിന്‍റെ ക്യാപ്റ്റൻസി തന്ത്രങ്ങളുമാണ് ഇന്ത്യൻ കുതിപ്പിനു പിന്നിലെ ചാലകശക്തി. സെമി വിജയത്തിനു പിന്നാലെ രോഹിത് 12 വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായത്. 2011 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍നിന്ന് തഴയപ്പെട്ടതിനു പിന്നാലെ നിരാശ പരസ്യമാക്കി രോഹിത് ശര്‍മ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

‘ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു വലിയ തിരിച്ചടിയാണ്’ -രോഹിത് അന്ന് ട്വീറ്റ് ചെയ്തു. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2011ൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം രോഹിത്തിനുണ്ടായിരുന്നില്ല. അത് കുറച്ചൊന്നുമല്ല താരത്തെ നിരാശനാക്കിയത്. മോശം ഫോമായിരുന്നു രോഹിത്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴിയടച്ചത്.

പിന്നീടായിരുന്നു ഇന്ത്യയുടെ ഹിറ്റ്മാനിലേക്കുള്ള രോഹിത്തിന്‍റെ വളർച്ച. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്റെ പിറവി അവിടെ തുടങ്ങുകയായിരുന്നു. ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് ഉൾപ്പെടെ ഒരുപിടി റെക്കോഡുകൾ താരത്തിന്‍റെ പേരിലുണ്ട്. സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് പഴയ ട്വീറ്റ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇന്ത്യൻ നായകന്‍റെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. അതിനുശേഷം താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ഒരു ആരാധകൻ കുറിച്ചു. ‘അന്ന് നിരാശ, ഇപ്പോൾ മഹത്തായ വിജയത്തിലേക്ക് നയിക്കുന്നു’ -മറ്റൊരു ആരാധകൻ കുറിച്ചു. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.

Tags:    
News Summary - Rohit Sharma's 12-year-old post goes viral after India enters World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.