ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ പ്രവേശിച്ചിരുന്നു. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ പ്രവേശിച്ചതോടെ അപൂർവ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഐ.സി.സിയുടെ എല്ലാ ടൂർണമെന്‍റിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ നായകൻ എന്ന റെക്കോഡാണ് രോഹിത് ശർമ നേടിയത്.
മൂന്ന് വ്യത്യസ്ത ഫോർമാറ്റിൽ നടന്ന എല്ലാ ടൂർണമെന്‍റിലും നയിച്ച ആദ്യ ടൂർണമെന്‍റിൽ തന്നെ ഫൈനലിൽ എത്തിക്കാൻ രോഹിത് ശർമക്ക് സാധിച്ചു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അതേവർഷം തന്നെ ഇന്ത്യയിൽ വെച്ച് നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ രോഹിത് ശർമ എന്ന നായകന് സാധിച്ചു. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിലും യു.എസ്. എയിലുമായി നടന്ന ട്വന്‍റി-20 ലോകകപ്പിലും അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഇതിൽ ട്വന്‍റി-20 ലോകകപ്പിൽ മാത്രമാണ് ഇന്ത്യൻ ടീമും നായകൻ രോഹിത് ശർമയും കിരീടം നേടിയത്. ഏകദിന, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു ഇന്ത്യൻ ടീമിന്‍റെ വിധി.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ടീമിനെ ട്വന്‍റി-20 ലോകകപ്പ് , ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങളിലേക്ക് നയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ കാലത്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇല്ലായിരുന്നു. മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ട്വന്‍റി-20 ലോകകപ്പ് , ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയുടെ ഫൈനലിൽ ടീമിനെ എത്തിച്ചെങ്കിലും ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിക്കാൻ സാധിച്ചില്ല. ന്യൂസിലാൻഡിനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻമാരാക്കാനും വില്യംസണ് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.