രോഹിത് ശര്‍മ ഇനി ഇന്ത്യക്കായി ട്വന്റി 20 മത്സരങ്ങള്‍ക്കില്ല?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ട്വന്റി 20 മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏകദിന ലോകകപ്പിന് മുമ്പുതന്നെ രോഹിത് ബി.സി.സി.ഐയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഇനി തന്നെ ട്വന്റി 20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സെലക്ടര്‍മാരെ താരം അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 നവംബറില്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമിയില്‍ പുറത്തായ ശേഷം രോഹിത് രാജ്യത്തിനായി ട്വന്റി 20 മത്സരം കളിച്ചിട്ടില്ല. ശേഷം ഹാര്‍ദിക് പാണ്ഡ്യയാണ് വിവിധ പരമ്പരകളില്‍ ടീമിനെ നയിച്ചത്. ഇന്ത്യക്കായി 148 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് നാല് സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയുമടക്കം 3853 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

ആസ്‌ട്രേലിയക്കെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ രോഹിത്തടക്കം ഏകദിന ലോകകപ്പില്‍ കളിച്ച മിക്ക താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. പരിക്കേറ്റ ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലുണ്ട്. അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരും കളിക്കും. 

Tags:    
News Summary - Rohit Sharma stopped Twenty20 matches for India?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.