ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയും അദ്ദേഹത്തിന്‍റെ മറവിയും ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ഏറെ ചർച്ചയായ കാര്യമാണ്. പാസ്പോർട്ട്, ഫോൺ, ടോസിനിടെ ടീമിനെ.. അങ്ങനെ പല കാര്യങ്ങളും രോഹിത് ശർമ മറന്നിട്ടുണ്ട്. എന്നാൽ ഇത്തവണ വ്യത്യസ്തമായ കാര്യമാണ് രോഹിത് മറന്നിരിക്കുന്നത്. ഇന്ത്യൻ ടീം നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് അദ്ദേഹം മറന്നത്. വിജയത്തിന് ശേഷം നടത്തിയ പ്രസ് മീറ്റ് കഴിഞ്ഞ് ട്രോഫി മീഡിയ റൂമിൽ നിന്നും എടുക്കാതെ മടങ്ങിയ രോഹിത്താണ് ഇപ്പോൾ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നായകൻ രോഹിത്. ടീമിന്റെ വിജയത്തെക്കുറിച്ചും തന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ചും ക്യാപ്റ്റന്‍ സംസാരിക്കുകയും ചെയ്തു. താന്‍ ഇപ്പോള്‍ ഒന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ പോകുന്നില്ല എന്നും അനാവശ്യ അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ട്രോഫി മുന്നില്‍ വച്ചുകൊണ്ടയിരുന്നു രോഹിത് ശര്‍മ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയത്. വാർത്താ സമ്മേളനം അവസാനിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റുപോവുകയും ചെയ്തു. എന്നാല്‍ ട്രോഫി എടുക്കാതെ അവിടെ തന്നെ മറന്നാണ് രോഹിത് പോയത്. പിന്നാലെ രോഹിത്തിന്റെ അരികില്‍ നിന്നിരുന്ന സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരു അംഗം ട്രോഫി എടുത്തു കൊണ്ട് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഫൈനലിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്‍റെ വിജയം. . വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽ നിന്ന് നയിച്ച നാകയൻ രോഹിത് ശർമയാണ് (76) ഇന്ത്യയുടെ വിജയ ശിൽപി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
76 റൺസ് നേടിയ നായകൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് ഇന്ത്യൻ വിജയത്തിന് കരുത്തേകിയത്.
ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. 12വർഷം മുൻപ് 2013ലാണ് ഇന്ത്യ ഇതിന് മുൻപ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങൾ (1983,2011) ഉൾപ്പെടെ ഏകദിനത്തിൽ ഇന്ത്യ ഉയർത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.