ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ രണ്ടു വർഷമെടുക്കും

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ രണ്ടു വർഷമെടുക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഐ.പി.എൽ ടീമായ ഡൽഹി കാപിറ്റൽസിന്‍റെ മാനേജ്മെന്‍റ് റോൾ വഹിക്കുന്ന ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഡൽഹി കാപിറ്റൽസ് നായകനാണ് പന്ത്. ടീമിൽ താരത്തിന്‍റെ വിടവ് പരിഹരിക്കുക ഏറെ പ്രയാസമാണെന്നും പകരക്കാരന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. അപകടത്തിനു പിന്നാലെ പന്തുമായി ഒന്നിലധികം തവണ സംസാരിച്ചിരുന്നതായും ഗാംഗുലി പറയുന്നു.

‘ഞാൻ അവനോട് ഒന്നിലധികം തവണ സംസാരിച്ചു. അവൻ ഏറെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, മുറിവുകളിൽനിന്ന് വേഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, അവൻ വീണ്ടും ഇന്ത്യക്കായി കളിക്കും’ -ഗാംഗുലി വ്യക്തമാക്കി.

പന്തിന്‍റെ പകരക്കാരനെ കണ്ടെത്താൻ അൽപം കൂടി സമയം വേണമെന്നാണ് മുൻതാരം പറയുന്നത്. നായകസ്ഥാനത്തേക്കും ഒരാളെ കണ്ടെത്തണം. ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ നായക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.

Tags:    
News Summary - Rishabh Pant take up to 2 years to return for India: Sourav Ganguly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.