ആർ.സി.ബി വിൽപനക്ക്..!; 16,834 കോടി രൂപയുണ്ടെങ്കിൽ വാങ്ങാം, വാർത്ത സ്ഥിരീകരിക്കാതെ ക്ലബ് ഉടമകൾ

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നി കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ക്ലബ് ഫ്രാഞ്ചൈസി വിൽക്കാൻ ഒരുങ്ങുന്നു. കിരീടനേട്ടത്തിന് പിന്നാലെ ബ്രാൻഡ് മൂല്യം കുത്തനെ ഉ‍യർന്നതോടെ രണ്ട് ബില്യൺ ഡോളർ വരെ (ഏകദേശം 16,834 കോടി രൂപ) ലക്ഷ്യമിട്ടാണ് ഉടമയായ ഡിയാജിയോ പി.എൽ.സി ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്.

എന്നാൽ, വിൽപനയെ കുറിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫ്രാഞ്ചൈസി പൂർണമായോ ഭാഗികമായോ കൈമാറിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഡിയാജിയോ പി.എൽ.സിക്ക് വേണ്ടി ഇന്ത്യയിൽ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നടത്തുന്നത്. 2008-ൽ ഫ്രാഞ്ചൈസി ആരംഭിച്ചപ്പോൾ, കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമയും മദ്യ വ്യവസായിയുമായ വിജയ് മല്യയാണ് ഇത് ആദ്യം വാങ്ങിയത്. മല്യ കടക്കെണിയിൽ അകപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടിയതോടെ 2012ല്‍ മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തു. യുനൈറ്റഡ് സ്പിരിറ്റിസിന്റെ നിയന്ത്രണത്തിലുള്ള ആര്‍.സി.ബിയും ഇതോടെ ഡിയാജിയോയുടെ കീഴിലായി.

അതേസമയം, കിരീടധാരണത്തിന് പിന്നാലെ ക്ലബ് സംഘടിപ്പിച്ച ആഘോഷ പരിപാടി ബംഗളൂരിൽ വൻ ദുരന്തത്തിൽ കലാശിച്ചത് ക്ലബിന് വൻ ക്ഷീണമായി. ആഘോഷ പരിപാടികൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. സംഭവത്തിൽ ആർ.സി.ബിയുടെ മാർക്കറ്റിങ് തലവൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഐ.പി.എല്ലില്‍ നിന്ന് ടീമിനെ ഒരുവര്‍ഷത്തേക്ക് വിലക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമാണ്.

Tags:    
News Summary - RCB Owners Looking To Sell Franchise, Say Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.