ഡബ്ല്യു.പി.എല്ലിന് വെടിക്കെട്ടോടെ തുടക്കം; ആദ്യ ജയം ആർ.സി.ബിക്ക്, 202 റൺസ് പിന്തുടർന്നത് 18.3 ഓവറിൽ

വഡോദര: വിമെൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണ് ഗംഭീര തുടക്കം. ഇത്തവണത്തെ ആദ്യ ജയം റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആറ് വിക്കറ്റിന് സ്വന്തമാക്കി. ഗുജറാത്ത് ജയന്‍റ്സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നിൽക്കെ ആർ.സി.ബി മറികടന്നു. എല്ലിസ് പെറി (57), റിച്ച ഘോഷ് (64*) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ബംഗളൂരു ടീമിന് ജയം സമ്മാനിച്ചത്. സ്കോർ: ഗുജറാത്ത് ജയന്‍റ്സ് - 20 ഓവറിൽ അഞ്ചിന് 201, ആർ.സി.ബി - 18.3 ഓവറിൽ നാലിന് 202.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആർ.സി.ബിക്ക് 14 റൺസെടുക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായി. ക്യാപ്റ്റൻ സ്മൃതി മന്ദാനക്ക് ഒമ്പത് റൺസ് മാത്രമാണ് നേടാനായത്. എന്നാൽ മൂന്നാം വിക്കറ്റിലൊന്നിച്ച എല്ലിസ് പെറി (34 പന്തിൽ 57), രാഘ്വി ബിസ്ത് (27 പന്തിൽ 25) എന്നിവർ ചേർന്ന് സ്കോറുയർത്തി. ഇരുവരും ചേർന്ന് 86 റൺസിന്റെ പാർട്നർഷിപാണ് സൃഷ്ടിച്ചത്.

സ്കോർ 109ൽ നിൽക്കേ എല്ലിസ് പെറി വീണെങ്കിലും പിന്നീടെത്തിയ റിച്ച ഘോഷും കനിക അഹുജയും ചേർന്ന് ആർ.സി.ബിക്ക് ജയം സമ്മാനിച്ചു. 27 പന്തിൽ ഏഴ് ഫോറും നാല് സിക്സും സഹിതം 64 റൺസാണ് റിച്ച അടിച്ചെടുത്തത്. 13 പന്ത് നേരിട്ട കനിക 30 റൺസ് അടിച്ചെടുത്തു. അഭേദ്യമായ അഞ്ചാം വിക്കറ്റിൽ 93 റൺസാണ് പിറന്നത്. ജയന്‍റ്സിന്റെ കാശ്വീ ഗൗതം രണ്ട് വിക്കറ്റ് നേടി.

ജയന്‍റ്സ് 201/5

 മത്സരത്തിൽ ടോസ് നേടിയ ആർ.സി.ബി ഗുജറാത്ത് ജയന്‍റ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലോറ വോൾവാർട് (ആറ്), ദയലാൻ ഹേമലത (നാല്) എന്നിവർ ചെറിയ സ്കോറിൽ പുറത്തായെങ്കിലും ഒരുഭാഗത്ത് നിലയുറപ്പിച്ചു കളിച്ച ബെത്ത് മൂണി വമ്പനടികളുമായി കളം നിറഞ്ഞു. നാലാം നമ്പരിലിറങ്ങിയ ക്യാപ്റ്റൻ ആഷ്ലി ഗാർഡനർ ഒപ്പം കൂടിയതോടെ ജയന്‍റ്സിന്‍റെ സ്കോർ കുത്തനെ ഉയർന്നു. 42 പന്തുകൾ നേരിട്ട മൂണി 56 റൺസെടുത്താണ് പുറത്തായത്.

കൂറ്റൻ ബൗണ്ടറികൾ പായിച്ച ഗാർഡ്നർ 37 പന്തിൽ 213.5 സ്ട്രൈക്ക് റേറ്റിൽ 79 റൺസ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു. എട്ട് സിക്സറുകളും മൂന്ന് ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ദീന്ദ്ര ദോത്തിൻ (13 പന്തിൽ 25), സിമ്രാൻ ഷെയ്ഖ് (അഞ്ച് പന്തിൽ 11) എന്നിവരും വമ്പൻ ഷോട്ടുകളുതിർത്തു. നാല് പന്തിൽ ഒമ്പത് റൺസുമായി ഹർലീൻ ഡിയോളും പുറത്താകാതെ നിന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ജയന്‍റ്സ് അടിച്ചെടുത്തത്.

ആർ.സി.ബിക്കായി രേണുക സിങ് രണ്ട് വിക്കറ്റ് പിഴുതു. മലയാളി താരം വി.ജെ. ജോഷിത നാല് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.

Tags:    
News Summary - RCB bowl in season opener, Deandra Dottin debuts for Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.