ബംഗളൂരു: ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ടീം മാനേജ്മെന്റ്. പരിക്കേറ്റവരെ സഹായിക്കാനായി സഹായനിധി രുപീകരിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. സംഭവം കടുത്ത ദുഃഖവും വേദനയുണ്ടാക്കുന്നതാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്ന് ആർ.സി.ബി മാനേർ അറിയിച്ചു.
ഞങ്ങളുടെ ഹൃദയങ്ങളിൽ എപ്പോഴും അപകടത്തിൽ മരിച്ച ആരാധകരുണ്ടാവും. ദുഃഖത്തിനിടയിലും ആർ.സി.ബി ഒന്നിച്ച് നിൽക്കുമെന്നും ടീം മാനേജമെന്റ് കുറിപ്പിൽ അറിയിച്ചു. അപകടത്തെ കുറിച്ച് അധികൃതർ സൂചന നൽകിയതിന് പിന്നാലെ തന്നെ പരിപാടി നിർത്തിയെന്നും ആർ.സി.ബി വ്യക്തമാക്കി.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ആറുവയസ്സുകാരിയടക്കം 47 പേർക്ക് പരിക്കേറ്റു. 15 േപരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു.
എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി. ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.