‘മനസ്സ് പറഞ്ഞു, സമയമായെന്ന്’; കോഹ്ലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് രവി ശാസ്ത്രി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് സൂപ്പർതാരം വിരാട് കോഹ്ലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. രോഹിത് ശർമക്കു പിന്നാലെയാണ് 14 വർഷം നീണ്ട ഐതിഹാസിക കരിയർ കോഹ്ലി അവസാനിപ്പിച്ചത്.

കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തിയതായി രവി ശാസ്ത്രി പറഞ്ഞു. ‘വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു ഒരാഴ്ച മുമ്പ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ക്രിക്കറ്റിനു വേണ്ടതെല്ലാം നൽകിക്കഴിഞ്ഞുവെന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. യാതൊരു പശ്ചാത്താപവുമില്ല. വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടെയുള്ള തന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും അദ്ദേഹത്തിന് യാതൊരു സന്ദേഹവുമില്ലായിരുന്നു. അപ്പോൾ എനിക്കു തോന്നി, അതെ, ഇതാണ് ശരിയായ സമയം. മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം’ -ശാസ്ത്രി ഐ.സി.സിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

കളിയുടെ എല്ലാ മേഖലകളിലും കോഹ്ലിക്ക് മികച്ച സംഭാവന നൽകാനായി. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നിവയിലെല്ലാം 120 ശതമാനം അദ്ദേഹം സമർപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടോ മൂന്നോ വർഷംകൂടി കളിക്കാമായിരുന്നു. സ്ക്വാഡിലെ മറ്റുള്ളവരേക്കാൾ ഫിറ്റ്നസുള്ള താരമാണ്. പക്ഷേ, മാനസികമായി വേറൊരു തലത്തിലായിരുന്നു വിരാട്. നിങ്ങളുടെ ശരീരം എത്രത്തോളം ഫിറ്റ്നസുള്ളതാണെന്നത് അവിടെ പ്രശ്മല്ല, മനസ്സ് മതിയെന്ന് പറഞ്ഞാൽ അവസാനിപ്പിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. താരത്തെ പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ഇടപെടലൊന്നും ഫലംകണ്ടില്ല. 36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി.

ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

Tags:    
News Summary - Ravi Shastri Reveals Conversation With Virat Kohli Before Test Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.